ഓച്ചിറ: യാത്രക്കൂലി ചോദിച്ചതിന് ആട്ടോറിക്ഷാ ഡ്രൈവറെ വീട്ടിൽകയറി ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.എസ്. പുരം കോട്ടയ്ക്കുപുറം നീലംചേരി വടക്കതിൽ രാജേഷ് (32), ബന്ധുക്കളായ ആലപ്പുഴ കൈനകരി പുത്തൻപറമ്പിൽ ദിലീപ് (31), രാഗേഷ് (21) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ആട്ടോ ഡ്രൈവർ ക്ലാപ്പന കൃഷ്ണവിലാസത്തിൽ വാടകയ്ക്ക് താമസിക്കുന്ന ബാബുപിള്ള (55) ആലപ്പുഴ മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് പറയുന്നത്. ബാബുവിന്റെ ആട്ടോയിലാണ് ഒന്നാം പ്രതി രാജേഷിന്റെ ഭാര്യയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയത്. കഴിഞ്ഞ ദിവസം ആട്ടോക്കൂലിക്കായി ബാബു രാജേഷിന്റെ വീട്ടിൽ ചെന്നപ്പോൾ പ്രതികൾ മദ്യപിക്കുകയായിരുന്നു. കൂലിയുടെ പേരിൽ വാക്കുതർക്കം ഉണ്ടാകുകയും വീട്ടിൽ പോയ ബാബുവിനെ പ്രതികൾ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി ഇരുമ്പ് കമ്പികൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആട്ടോയും തല്ലിത്തകർത്തു. പ്രതികളെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.