ss

തിരുവനന്തപുരം: പുല്ലുമായി കിഷോർ തൊഴുത്തിലേക്കെത്തുമ്പോൾ അമ്മുവും കല്യാണിയും കുഞ്ഞുവുമെല്ലാം തലകുലുക്കി നിൽക്കും. കിഷോർ അവരോട് പറയും .. 'കരയണ്ട, തരാം'. കരച്ചിൽ നിറുത്തുമ്പോൾ കാതിൽ പിടിച്ച് ഒന്നു തിരിച്ചിട്ട് പറയും, 'നിന്നോടല്ലേ പറഞ്ഞത്,കരയണ്ട തരാമെന്ന് '. ഓരോപിടി പുല്ലെടുത്ത് പശുക്കളുടെ വായിലേക്ക് വച്ചുകൊടുക്കും.

ഹാസ്യനടൻ എൻ.കെ. കിഷോറിന് പ്രാണനാണ് ഈ പശുക്കൾ. ഷാപ്പിലെ കറിയുടെ സ്വാദ് ടെലിവിഷൻ പ്രേക്ഷകരുടെ നാവിൽ നിറച്ച കിഷോർ വീട്ടിലെത്തിയാൽ ആദ്യം പോകുന്നത് പശുക്കളുടെ ക്ഷേമം തിരക്കാൻ.

നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തിക്കുഴിയിലുള്ള കിഷോറിന്റെ തൊഴുത്തിൽ ഇപ്പോൾ ഏഴ് പശുക്കളും കിടാരികളുമാണുള്ളത്. സ്‌കൂൾ കാലത്തേ പശുക്കൾ ഉണ്ടായിരുന്നു. അവധി ദിവസങ്ങളിൽ പുല്ലു ശേഖരിക്കാൻ പറമ്പിലേക്കിറങ്ങും. പുല്ല് ചിറ്റാറിൽ കഴുകി,​ നീന്തികുളിച്ചാണ് മടക്കം. അതിപ്പോഴും തുടരുന്നു.

സിനിമ,​സീരിയൽ,​സ്റ്റേജ് ഷോ തിരക്കായപ്പോഴും പശുവളർത്തൽ മറന്നില്ല. ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ സഹോദരിമാരുടെ മക്കളെയും കൂട്ടി പുല്ല് ശേഖരിക്കാൻ പറമ്പിലേക്കിറങ്ങും. അവരോട് ഷൂട്ടിംഗ് കഥകൾ പറയും. പാലുമായി സൊസൈറ്റിയിൽ പോകുന്നതും പശുവിനെ കുളിപ്പിക്കുന്നതുമെല്ലാം കിഷോർ തന്നെ.

സഹായിക്കാൻ അമ്മയും ഭാര്യയും

പശുവളർത്തലിൽ സഹായമായി അമ്മ നളിനിയും ഭാര്യ അശ്വതിയുമുണ്ട്. അഞ്ചുവയസുകാരൻ മകൻ ആദികേശവും സഹായിക്കും. ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന പരിപാടിയുടെ അവതാരകനായി നാടടെങ്ങും സഞ്ചരിച്ചപ്പോൾ പരിചയപ്പെട്ട ക്ഷീരകർഷകരോട് ചോദിച്ച് പശുവളർത്തലിനെക്കുറിച്ചും കൂടുതൽ പാൽ ലഭിക്കുന്ന പശുക്കളെക്കുറിച്ചും അറിവുകൾ നേടിയിരുന്നു.ഹാസ്യ നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുള്ള കിഷോർ കൗമുദി ചാനലിലും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.