1
തിങ്കളാഴ്ചമുതൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകൾക്കായി തയ്യാറെടുക്കുന്ന വിക്‌ടേഴ്‌സ് ചാനലിലെ ജീവനക്കാർ

തിരുവനന്തപുരം: ഇങ്ങനെയൊരു സ്‌കൂൾ വർഷത്തുടക്കം ഒരു തലമുറയുടെയും ഓർമ്മയിൽ ഇല്ല! പുത്തനുടുപ്പും പുത്തൻകുടയും ചെരിപ്പുമില്ലാതെ, ഉടുപ്പുകൾ നനഞ്ഞൊലിക്കാതെ,​ മഴയുടെ നനവു പടർന്ന സ്കൂൾ ബെഞ്ചിൽ അല്ലാതെ ഓൺലൈൻ സ്കൂൾ ക്ളാസുകൾക്ക് ഇന്ന് ഫസ്റ്റ് ബെൽ.

വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലിൽ രാവിലെ 8.30 നാണ് ആദ്യ ക്ളാസിന് തുടക്കം. ആദ്യ ആഴ്ചയിലെ ക്ളാസുകൾ ട്രയൽ റൺ ആയി കണക്കാക്കി അടുത്ത ആഴ്ചയോടെ ക്ലാസുകൾ വിപുലീകരിക്കാനാണ് തീരുമാനം. ക്ളാസുകൾ മുടങ്ങരുതെന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന ഓൺലൈൻ രീതി,​ കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നതു വരെ മാത്രമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തേക്കുള്ള ക്ലാസുകളാണ് ഇപ്പോൾ ഷൂട്ട് ചെയ്തിരിക്കുന്നത്. ക്ലാസ് മുറികളിലെ വിദ്യാഭ്യാസത്തിനു പകരമാകാൻ ഓൺലൈൻ ക്ലാസുകൾക്ക് കഴിയില്ലെങ്കിലും സ്കൂളുകൾ തുറക്കുമ്പോഴത്തെ പഠനഭാരം ലഘൂകരിക്കാൻ പുതിയ രീതിക്കു കഴിയുമെന്നാണ് പ്രതീക്ഷ.

വിക്ടേഴ്സ് ചാനൽ

കിട്ടാതെ കുട്ടികൾ

എല്ലാ ഡി.ടി.എച്ച് കണക്‌ഷനുകളിലും വിക്ടേഴ്സ് ചാനൽ ലഭ്യമായിട്ടില്ലെന്നതാണ് വിദ്യാർത്ഥികൾ നേരിടുന്ന ആദ്യ വെല്ലുവിളി. ചാനൽ ലഭ്യമാക്കാൻ മുഴുവൻ ഡി.ടി.എച്ച് ഓപ്പറേറ്റർമാർക്കും അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും പലർക്കും കിട്ടിത്തുടങ്ങിയിട്ടില്ല.

ഏഷ്യാനെറ്റ് ഡിജിറ്റലിൽ 411, ഡെൻ നെറ്റ്‌വർക്കിൽ 639, കേരള വിഷനിൽ 42, ഡിജി മീഡിയയിൽ 149, സിറ്റി ചാനലിൽ 116 എന്നീ നമ്പറുകളിൽ വിക്ടേഴ്സ് ചാനൽ ലഭിക്കും. വീഡിയോകോൺ ഡി 2എച്ചിലും ഡിഷ് ടി.വി.യിലും 642ാം നമ്പറിൽ ചാനൽ ലഭ്യമാകും. www.victers.kite.kerala.gov.in, facebook.com/Victers educhannel, youtube.com/ itsvicters എന്നിവ വഴിയും ക്ലാസുകൾ ലഭിക്കും.

ലക്ഷക്കണക്കിനു പേ‌ർ ഒരേസമയം ഓൺലൈൻ ക്ലാസുകളെ ആശ്രയിക്കുമ്പോൾ ഇന്റർനെറ്റ് സേവനങ്ങളുടെ വേഗത കുറയുമെന്നും ആശങ്കയുണ്ട്.

 ഇന്നത്തെ ടൈംടേബിൾ


പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്, 9ന് ജിയോഗ്രഫി, 9.30ന് മാത്തമാറ്റിക്‌സ്, 10ന് കെമിസ്ട്രി

10ാം ക്ലാസ്: 11ന് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12 ന് ജീവശാസ്ത്രം.
ഒന്നാം ക്ലാസ്: 10.30ന് പൊതുവിഷയം

രണ്ടാം ക്ലാസ്: 12.30ന് പൊതുവിഷയം

മൂന്നാം ക്ലാസ്: ഒരു മണിക്ക് മലയാളം

നാലാം ക്ലാസ്: 1.30ന് ഇംഗ്ലീഷ്

അഞ്ച്, ആറ്, ഏഴ് ക്ലാസുകൾക്ക് മലയാളം ഉച്ചയ്ക്ക് യഥാക്രമം 2, 2.30, 3 മണിക്ക്
എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ഗണിതശാസ്ത്രം. 4 ന് രസതന്ത്രം
ഒമ്പതാം ക്ലാസ്: 4.30ന് ഇംഗ്ലീഷ്. 5ന് ഗണിതശാസ്ത്രം

 പുനസംപ്രേഷണം

പ്ലസ് ടു ക്ലാസിലെ നാലു വിഷയങ്ങളും ഇന്നു രാത്രി 7 മുതലും 10ാം ക്ലാസിലെ മൂന്നു വിഷയങ്ങൾ വൈകിട്ട് 5.30 മുതലും പുനഃസംപ്രേഷണം ചെയ്യും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ച.

ലളിതമായാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ദിവസങ്ങളിൽ ക്ലാസുകൾ കാണാൻ കഴിഞ്ഞില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്ത് കാണാവുന്ന വിധത്തിൽ വിവിധ സംവിധാനങ്ങൾ ഏർപ്പെടുത്തും.

- അൻവർ സാദത്ത്,​ കൈറ്റ് സി.ഇ.ഒ