bayern-munich
bayern munich


മ്യൂണിക് : ബുണ്ടസ് ലിഗയുടെ രണ്ടാം വരവിലെ നാലാം മത്സരത്തിലും വിജയം നേടിയ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് തങ്ങളുടെ എട്ടാം കിരീടത്തിന് തൊട്ടടുത്തെത്തി.

കഴിഞ്ഞരാത്രി സ്വന്തം തട്ടകമായ അലിയൻസ് അരീനയിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഫോർച്യുണ ഡസൽഡ്രോഫിനെ കീഴടക്കിയ ബയേൺ പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെക്കാൾ 10 പോയിന്റ് മുന്നിലെത്തി. ഇൗ സീസൺ ബുണ്ടസ് ലിഗയിൽ തങ്ങളുടെ കഴിഞ്ഞ 15 മത്സരങ്ങളിൽ ബയേണിന്റെ 14-ാം വിജയമായിരുന്നു ഇത്.

യോർഗൻ സെന്നിന്റെ സെൽഫ് ഗോളിലൂടെ അക്കൗണ്ട് തുറന്ന ബയേണിനായി പോളിഷ് സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്‌സ്‌കി രണ്ട് ഗോളുകൾ നേടിയപ്പോൾ ബെഞ്ചമിൻ പൊവാഡ്, അൽഫോൺസോ ഡേവീസ് എന്നിവർ ഒാരോ ഗോളടിച്ചു. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടിയിരുന്ന ബയേൺ രണ്ടാംപകുതിയിൽ രണ്ട് ഗോളുകൾകൂടി വിജയം ആധികാരികമാക്കി.

ഫോർച്യുണയ്ക്കെതിരെ തന്റെ കരിയറിലെ ആദ്യ ഗോളാണ് ലെവൻഡോവ്സ്കി ഇൗ മത്സരത്തിൽ നേടിയത്.

ഗോളുകൾ ഇങ്ങനെ

1-0

15-ാം മിനിട്ടിൽ പവാർഡിന്റെ ഷോട്ട് മത്യാസ് യോർഗൻസെന്നിന്റെ കാലിൽ തട്ടിയാണ് ഫോർച്യുണയുടെ വലയിൽ കയറിയത്.

2-0

29-ാം മിനിട്ടിൽ ജോഷ്വാ കിമ്മിഷ് തൊടുത്ത ഒരു കോർണർ കിക്കിന് തലവച്ച് പവാർഡ് ലീഡുയർത്തി.

3-0

43 -ാം മിനിട്ടിൽ കിമ്മിഷും മുള്ളറും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലെവാൻഡോവ്‌സ്കിയുടെ ഫിനിഷിംഗ്.

4-0

50-ാം മിനിട്ടിൽ സെർജിയോ ഗാൻബ്രിയുടെ പാസിൽനിന്ന് ലെവാൻഡോവ്‌സ്കിയുടെ അടുത്ത ഗോൾ.

5-0

52-ാം മിനിട്ടിൽ ഫോർച്ചുണയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് ഡേവീസ് പട്ടിക പൂർത്തിയാക്കി.

ഇൗ വിജയത്തോടെ ബയേൺ മ്യൂണിക്കിന് 29 മത്സരങ്ങളിൽനിന്ന് 67 പോയിന്റായി. രണ്ടാം സ്ഥാനക്കാരായ ബൊറൂഷ്യ ഡോർട്ട് മുണ്ടിന് 28 മത്സരങ്ങളിൽനിന്ന് 57 പോയിന്റേയുള്ളൂ.

കഴിഞ്ഞരാത്രി നടന്ന മറ്റ് മത്സരങ്ങളിൽ ബയേർ ലെവർകൂസൻ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രേയ്ബർഗിനെയും ഹെർത്ത ബെർലിൻ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഒാസ്‌ബർഗിനെയും കീഴടക്കി. ഹോഫൻഹെയ്ം മെയ്ൻസിനെയും വെർഡർ ബ്രെമൻ ഷാൽക്കെയെയും 1-0 ത്തിന് തോൽപ്പിച്ചു. വോൾഫ്സ് ബർഗിനെതിരെ 2-1ന് എയ്ൻട്രാൻക്റ്റ് വിജയം നേടി.

മത്സരഫലങ്ങൾ

ബയേൺ മ്യൂണിക് 5-ഫോർച്യുണ 0

ബയേർ ലെവർകൂസൻ 1- ഫ്രേ ബർഗ് 0

ഹെർത്തബെർലിൻ 2- ഒാസ്ബർഗ് 0

മെയിൻസ് 0 -ഹോഫൻ ഹേയ്ം 1

വെർഡർ ബ്രെമൻ 1- ഷാൽകെ 0

എയ്ൻട്രാൻക്റ്റ് 2- വോൾവ്സ്ബർഗ് 1

പോയിന്റ് നില

(ക്ളബ്, പോയിന്റ് ക്രമത്തിൽ)

ബയേൺ 29-67

ബൊറൂഷ്യ 28-57

ലെവർകൂസൻ 29-56

ലെയ്‌പ്സിഗ് 28-55

മോൺഷെംഗ്ളാബാഷ് 28-53.

43

ഇൗ സീസണിൽ റോബർട്ടോ ലെവാൻഡോവ്സ്കി ബയേണിന് വേണ്ടി നേടിയ ഗോളുകളുടെ എണ്ണം. 2016/17 സീസണിലും ഇത്രയും ഗോളുകൾ നേടി ലെവാൻഡോവ്‌സ്കി കരിയർ ബെസ്റ്റ് റെക്കാഡ് നേടിയിരുന്നു.

22

ബയേൺ കോച്ച് എന്ന നിലയിൽ ആദ്യ 25 മത്സരങ്ങളിൽ ഹാൻസി ഫ്ളിക്ക് നേടിയ വിജയങ്ങളുടെ എണ്ണം. പെപ് ഗ്വാർഡിയോളയുടെ 21 വിജയങ്ങളുടെ റെക്കാഡ് ഫ്ളിക്ക് തകർത്തു.