പൂവാർ: കൊവിഡ് 19 രോഗവ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിൽ കാഞ്ഞിരംകുളത്തെ 'കൊച്ചു തോവാള'യിലെ 'പൂ' വ്യാപാരം പ്രതിസന്ധിയിലായി. ചാല മാർക്കറ്റുപോലെ ജില്ലയിലെ പ്രധാന പൂ മാർക്കറ്റുകളിലൊന്നാണ് കാഞ്ഞിരംകുളത്തെ കൊച്ചുതോവാള. കാഞ്ഞിരംകുളം ജംഗ്ഷനിൽ നിന്നും കോളേജ് റോഡ് തുടങ്ങുന്നതു മുതൽ പൂമാർക്കറ്റുകളാണ്. ഉത്സവ സീസണിൽ ഓരോ കടയിലും 8ഉം 10ഉം തൊഴിലാളികൾ പൂ കെട്ടാനുണ്ടാകും. ഇത്തരത്തിൽ 100ഓളം തൊഴിലാളികളാണ് വിവിധ കടകളിലായി ജോലിചെയ്‌തിരുന്നത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്ന് പൂ വരവ് നിലച്ചതോടെ കടകൾ മിക്കവയും അടച്ചിട്ടിരിക്കുകയാണ്. തുറന്ന കടകളിൽ ഒന്നോ രണ്ടോ തൊഴിലാളികൾ മാത്രമാണുള്ളത്. പച്ചക്കറി കയറ്റി വരുന്ന വണ്ടികളിലെത്തുന്ന ചില്ലറ പൂക്കൾ മാത്രമാണ് ഇപ്പോഴുള്ളത്. നിത്യപൂജകൾക്കായി ക്ഷേത്രങ്ങളിൽ നിന്നും വരുന്നവർ മാത്രമാണ് ഇപ്പോൾ ആവശ്യക്കാർ. അരളി (വെള്ള,ചുവപ്പ് ), ജമന്തി (വെള്ള, മഞ്ഞ, ഓറഞ്ച്), തെറ്റി, തുളസി, താമര, കൊഴുന്ന്, മുല്ല, വാടാമുല്ല, പിച്ചി, റോസ, ട്യൂബ് റോസ് തുടങ്ങിയ പൂക്കളാണ് ദിവസവും എത്തിയിരുന്നത്. ബാംഗ്ലൂരിൽ നിന്നും റോസ്, ജെറിബ്ര, ബ്ലൂഡൈയ്സി, മിൽക്കി വൈറ്റ്, ഗോൾഡൻ ഫ്ളവർ, സൈപ്രസ്, ബോഡ, കൃഷാന്ത്, ആന്തൂറിയം, ഓർക്കിഡ്, ലില്ലി തുടങ്ങിയ അലങ്കാര പൂക്കളും എത്തിയിരുന്നു.ഇവയ്ക്ക് ഇപ്പോൾ ആവശ്യക്കാരില്ലാതെയായി. പിച്ചിയും മുല്ലയും കൂടുതലായും തമിഴ്നാട്ടിലെ തോവാളയിൽ നിന്നാണ് എത്തുന്നത്. അരളി സേലത്തു നിന്നും ഹാര ജമന്തി ദണ്ഡുക്കലിൽ നിന്നുമാണ് ഇവിടെ എത്തുന്നത്. പ്രതിസന്ധി മാറുമെന്ന പ്രതീക്ഷ കൈവിടാതെ കൊച്ചു തോവാളയിൽ പൂക്കളെത്തുതും കാത്തിരിക്കുകയാണ് കച്ചവടക്കാർ
ലോക്ക്ഡൗണിന് മുമ്പ്
ജമന്തി ഒരു കിലോയ്ക്ക് 20 - 30 രൂപ
ഇപ്പോൾ 60 ഉം 70 രൂപ
അരളി 40 രൂപയിൽ നിന്ന് 100 രൂപ
റോസ 50 നിന്ന് 100 ആയി.
തെറ്റി 80 ൽ നിന്ന് 180 രൂപ
പിച്ചി 600ൽ നിന്ന് 1000
കൊച്ചുതോവാളയിലെ വലിയ പൂക്കാര്യം
പൂ വില്പനയ്‌ക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ 'തോവാള'യിൽ നിന്നും വാങ്ങുന്ന അതേ വിലയ്‌ക്ക് പൂക്കൾ കാഞ്ഞിരംകുളത്ത് നിന്നും വാങ്ങാൻ കഴിയുമെന്നതാണ് പ്രത്യേകത. അതുകൊണ്ടു തന്നെയാണ് കൊച്ചുതോവാളയിലേയ്ക്ക് ജില്ലയുടെ വിവിധ ഭാഗത്തുള്ളവരും മറ്റു ജില്ലക്കാരും പൂ വാങ്ങാനെത്തുന്നത്. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ തോവാള, സേലം, ദിണ്ഡുക്കൽ, മദുര തുടങ്ങിയിടങ്ങളിൽ നിന്നും, കർണാടകയിലെ ബാംഗ്ലൂർ, ഒസൂർ തുടങ്ങിയിടങ്ങളിൽ നിന്നുമാണ് വിവിധയിനം പൂക്കൾ ഇവിടെ എത്തുന്നത്.