തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം സമ്പൂർണ ലോക്ക് ഡൗൺ ദിനമായ ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വീടുകളിലെ ശുചീകരണത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹിക - സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് റോഡുകളുടെ ഇരുവശങ്ങളും ഓടകളും വൃത്തിയാക്കി. കൊവിഡ് കാരണം മഴക്കാല പൂർവശുചീകരണത്തിലുണ്ടായ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ ശുചീകരണം നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചത്. അതേസമയം പൊലീസ് ഇന്നലെ കർശന പരിശോധന നടത്തി. അവശ്യസാധനങ്ങളുടെ കടകൾ ഒഴികെ മറ്റെല്ലാം അടഞ്ഞു കിടന്നു. അത്യാവശ്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.