jail

നെയ്യാറ്റിൻകര: വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നിന്നെത്തിച്ച രണ്ട് പ്രതികൾക്ക് കൊവിഡ് ടെസ്റ്റ് പോസിറ്റിവായ സഹചര്യത്തിൽ നെയ്യാറ്റിൻകര സെപ്ഷ്യൽ സബ് ജയിലിലെ 18 ജീവനക്കാർ ഓഫീസ് ക്വാറന്റൈനിൽ പ്രവേശിച്ചു. അതിൽ ഇന്നലെ സർവ്വീസിൽ നിന്നു വിരമിച്ച ജയിൽ സൂപ്രണ്ട് എൻ. സുരേഷ് ഉൾപ്പെടും.

നിലവിൽ ജയിലിൽ 30- ഓളം പ്രതികളാണ് ഇവിടെയുള്ളത്. അവരുടെ സുരക്ഷാ ചുമതലയും ക്വാറന്റൈനിലായ ജീവനക്കാർക്കാണ്. ജില്ലയിലെ വിവിധ കോടതികൾ റിമാൻഡു ചെയ്തുവരുന്ന പ്രതികളെ കാരക്കോണം സി. എസ്.ഐ മെഡിക്കൽ കോളേജിൽ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ആരോഗ്യ വിഭാഗം ജീവനക്കാരുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രതികളുടെ സ്രവ പരിശേധനാടെസ്റ്റ് നടത്തി രണ്ടുദിവസം കഴിഞ്ഞ് ഫലം വന്നതിനുശേഷം നെഗറ്റിവ് ആയി വരുന്ന പ്രതികളെ ജില്ലയിലെ ക്വാറന്റൈൻ ജയിലായ തിരുവനന്തപുരം ജില്ലാ ജയിലേക്ക് മാറ്റും. കാരക്കോണം മെഡിക്കൽ കോളേജിലെ ക്വാറന്റൈൻ കേന്ദ്രത്തിലെ പ്രതികളുടെ സുരക്ഷ ചുമതലയും ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നു നെഗറ്റിവ് ആകുന്ന പ്രതികളെ തിരുവനന്തപുരം ജില്ല ജയിലിൽ എത്തിക്കുന്നതിന്റെ എസ്കോർട്ട് ചുമതലയും ജയിൽ ജീവനക്കാർക്കാണ്. അതിനാൽ പ്രത്യേക പരിഗണന നൽകിയാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.