തിരുവനന്തപുരം : അധികൃതരുടെ പിടിപ്പുകേടുമൂലം രണ്ടുമാസമായി ശമ്പളം മുടങ്ങിയതോടെ സംസ്ഥാന സ്പോർട്സ് കൗൺസിലിലെ ഇരുന്നൂറോളം കരാർ / താത്കാലിക ജീവനക്കാർ ഇൗ കൊവിഡ് കാലത്ത് പട്ടിണിയിലായി.
സ്ഥിരജീവനക്കാർക്ക് മാത്രമാണ് കൗൺസിൽ കഴിഞ്ഞമാസങ്ങളിൽ ശമ്പളം നൽകിയത്. താരതമ്യേന കുറഞ്ഞ വരുമാനക്കാർക്ക് ശമ്പളം നൽകാനുള്ള മനുഷ്യപരമായ നടപടികൾ സ്വീകരിക്കാതിരുന്ന കൗൺസിൽ പലരെയും കടക്കെണിയിലാക്കിയിരിക്കുകയാണ്. സ്ഥിരജീവനക്കാർക്കും പെൻഷൻകാർക്കും മുൻകാലങ്ങളിൽ സ്ഥിരമായി ശമ്പളം വൈകിയിരുന്നു.
സർക്കാർ അനുവദിക്കുന്ന നോൺ പ്ളാൻ ഫണ്ടിൽനിന്നാണ് സ്ഥിര ജീവനക്കാർ അല്ലാത്തവർക്കുള്ള ശമ്പളം കൗൺസിൽ നൽകേണ്ടത്. എന്നാൽ ഇതിന് ആവശ്യമായ ഒാഫീസ് നടപടികൾ ചെയ്യാൻ തലപ്പത്ത് ഇരിക്കുന്നവർ താത്പര്യം കാട്ടാത്തതാണ് ജീവനക്കാരെ കഷ്ടത്തിലാക്കിയിരിക്കുന്നത്. ഫണ്ട് സമയത്ത് ചെലവഴിക്കാത്തതിനാൽ നോൺ പ്ളാൻ ഫണ്ടായി അനുവദിച്ച അഞ്ചുകോടിരൂപ സർക്കാർ തിരിച്ചെടുത്തിരുന്നു. അതേസമയം കൗൺസിലിന്റെ തലപ്പത്തിരിക്കുന്നവരുടെ യാത്രാബത്തയും തലസ്ഥാനത്തെ വീടിന്റെ വാടകയുമൊക്കെ കൃത്യമായി നോൺ പ്ളാൻ ഫണ്ടിൽ നിന്ന് ചെലവഴിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ മികച്ച റിസൾട്ടുണ്ടാക്കിയ നിരവധി താത്കാലിക പരിശീലകർ അടക്കമുള്ളവർക്കാണ് ശമ്പളം നൽകാത്തത്. കൊവിഡ് കാലത്ത് ആരുടെയും ശമ്പളം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി ഇൗ പാവപ്പെട്ട ജീവനക്കാരെ കഷ്ടത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തെപ്പറ്റി അന്വേഷിച്ച് പരിഹാരമുണ്ടാക്കണം.
എസ്. നജിമുദ്ദീൻ
ജനറൽ സെക്രട്ടറി
ദേശീയ കായികവേദി