covid-19

തിരുവനന്തപുരം : കൊവിഡ് ലക്ഷണങ്ങളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ പ്രവാസിയെ അഡ്മിറ്റ് ചെയ്യാതെ വീട്ടിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് തിരിച്ച് എത്തിച്ചു. ശനിയാഴ്ച രാത്രി കുവൈറ്റിൽ നിന്നെത്തിയ ആലംകോട് സ്വദേശിയായ 42കാരന് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്നാണ് ആശുപത്രിയിലേക്ക് അയച്ചത്. ആശുപത്രിയിലെത്തിയ ഇയാളുടെ സ്രവം ശേഖരിച്ച ശേഷം വീട്ടിലേക്ക് പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. സ്വകാര്യവാഹനത്തിൽ ഇയാൾ വീട്ടിലേക്ക് മടങ്ങി.

ഇന്നലെയാണ് ഫലം പോസിറ്റീവായത്. തുടർന്ന് 108ൽ ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് വിദേശത്ത് വച്ചു രോഗം ബാധിക്കുകയും തുടർന്ന് നെഗറ്റീവായെന്നും വിവരമുണ്ട്. വിദേശത്ത് നിന്നെത്തുന്നവരിൽ പ്രായമായവരെയും ഗർഭിണികളെയും വീട്ടിലേക്കും രോഗലക്ഷണം ഉള്ളവരെ ആശുപത്രിയിലേക്കും അയക്കും. മറ്റുള്ളവരെ നിർബന്ധമായും സർക്കാർ കേന്ദ്രത്തിലാണ് ഏഴ് ദിവസം താമസിപ്പിക്കേണ്ടത്. ഇത് ജില്ലാ ഭരണകൂടത്തിൻെറ ചുമതലയാണ്. എന്നാൽ ആശുപത്രിയിലേക്ക് അയക്കുന്നവരെ അഡ്മിറ്റ് ചെയ്യുകയാണ് പതിവ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി അധികൃതർ അത് ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും വേണം. എന്നാൽ ഇത് ഉണ്ടായില്ല. ഇതോടെയാണ് വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നത്.