ബാലരാമപുരം: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കമ്പിപ്പാര കൊണ്ട് തലയ്‌ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് മംഗലത്തുകോണം ഗ്രാമം. കഴിഞ്ഞദിവസം രാത്രി 9ഓടെയാണ് കരമന നെടിയിൽ മുടുമ്പിൽ വീട്ടിൽ പരേതനായ ശശി- ജലജ ദമ്പതികളുടെ മകൻ ഉണ്ണി എന്ന് വിളിക്കുന്ന ശ്യാം (33) കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച ശേഷം ഒളിവിൽപോയ മുക്കോല സ്വദേശി സതികുമാറിനെ (40) പൊലീസ് ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാനത്തൊഴിലാളികളും മരിച്ചയാളും പ്രതിയും ഉൾപ്പെട്ട പത്തോളം പേർ ഈ കെട്ടിടത്തിലെ വാടകക്കാരാണ്. ബഹളത്തിന് ശേഷം സതികുമാർ മടങ്ങുന്നതും അടുത്ത മുറിയിലുള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കൊല നടന്ന കെട്ടിടത്തിൽ മദ്യപാനവും സംഘർഷവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ലോക്ക് ഡൗൺ കാലത്ത് ഇവിടുത്തെ താമസക്കാരായ അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ഭക്ഷണവും മറ്റ് സഹായവും ലഭ്യമാക്കിയിരുന്നതായി വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല പറഞ്ഞു. ഈ ഭാഗത്ത് നടക്കുന്ന മദ്യപാനവും മറ്റ് അക്രമങ്ങളിലും നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് ശ്രീകല പറഞ്ഞു. സമാധാനാന്തരീക്ഷം നിലനിറുത്താൻ പൊലീസ് കട്ടച്ചൽക്കുഴി ഭാഗങ്ങളിൽ പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.