മാനന്തവാടി: മാനന്തവാടി നഗരസഭ പരിധിയിൽ പുതിയ കൊവിഡ് കേസ് സ്ഥിരീകരിച്ചതിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണം.

കർണാടക അതിർത്തി കടന്ന് 26ന് എത്തിയ ട്രക്ക് ഡ്രൈവർക്കും ക്ലീനർക്കും മതിയായ രീതിയിൽ കൊവിഡ് ടെസ്റ്റ് നടന്നിട്ടില്ലെന്നുവേണം കരുതാനെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. 26ന് ജില്ലയിലെത്തിയ ലോറി ഡ്രൈവറും ക്ലീനറും 29 വരെ ടെസ്റ്റിന് വിധേയരാവാൻ വൈകിയത് ഗുരുതരമായ വീഴ്ച്ചയാണ്. 29ന് ടെസ്റ്റ് കഴിഞ്ഞ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാതെ വിട്ടിലേക്ക് പറഞ്ഞുവിട്ടതും ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ്.

ജില്ലാ ആശുപത്രിയിലെ നിരീക്ഷണത്തിലേക്ക് മാറ്റാതിരുന്നതിനാൽ ഇയാളും ബന്ധപ്പെട്ടവരും പല സ്ഥലങ്ങളിലും എത്തിപ്പെടാൻ കാരണമായിട്ടുണ്ട്. ഇതുമൂലം ജനങ്ങൾ പരിഭ്രാന്ത്രരാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ധാരാളം വാഹനങ്ങൾ ജില്ലയിൽ പ്രവേശിക്കുന്നുണ്ട്. ജില്ലാ അതിർത്തികളിൽ കർശന പരിശോധന ഉറപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും.