കൽപ്പറ്റ: ഹോട്ട് സ്‌പോട്ടുകളായി മാറിയ അയൽ സംസ്ഥാനങ്ങളിലെ പാട്ട ഭൂമികളിൽ വിളവ് കാത്ത് കിടക്കുന്നത് മലയാളി കർഷകരുടെ കോടികൾ. കർണാടക, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെല്ലാം മലയാളികൾക്ക് കൃഷിയുണ്ട്. ഇതിലേറെയും ഇഞ്ചിയാണ്. വിളവെടുപ്പിന്റെയും നടീലിന്റെയും സമയത്താണ് കൊവിഡ് എല്ലാം നിശ്ചലമായത്. ഇവിടങ്ങളിലെ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. എന്നാൽ ഭൂമി പാട്ടത്തിനെടുത്തവർ പലരും ഇപ്പോഴും കൃഷിയിടങ്ങളിൽ തുടരുകയാണ്. എന്നാൽ തൊഴിലാളികളില്ലാതെ കൃഷി തുടരാനാകില്ല. ഇതുകാരണം ബാങ്കിൽ നിന്നടക്കം വായ്‌പയെടുത്തവർക്കാണ് കോടികളുടെ നഷ്ടമുണ്ടാകും.
നാട്ടിലെ കൃഷി നഷ്ടമായതോടെയാണ് പലരും അയൽ സംസ്ഥാനങ്ങളിൽ ഹെക്ടർ കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിയും വാഴയും കൃഷി ചെയ്യാൻ തുടങ്ങിയത്. കർണാടകയിലെ കുടക്, ഹാസൻ, ചിക്ക്മംഗ്ളൂർ, ഷിമോഗ, ഹവേരി തുടങ്ങിയ ജില്ലകളിൽ ഹെക്‌ടർ കണക്കിന് ഇഞ്ചിപ്പാടങ്ങളാണ് മലയാളികൾക്കുള്ളത്. എന്നാൽ തൊഴിലാളികൾ മടങ്ങിയതോടെ കൃഷി നോക്കി നടത്താൻ ഇവർക്ക് കഴിയുന്നില്ല.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ പലയിടങ്ങളിലും പുറത്തിറങ്ങാൻ പോലുമാകുന്നില്ല. പലയിടങ്ങളും ഹോട്ട് സപോട്ടുകളുമാണ്, അതിനിടെ മലയാളികളായ കർഷകരോട് അധികൃതർ ക്രൂരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്. ലോക് ഡൗൺ കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ തങ്ങളുടെ കാർഷിക വിളകൾ അവിടെ ഉണ്ടാകുമോ എന്ന പേടിയും മലയാളികൾക്കുണ്ട്.
മാർച്ച് മുതൽ മേയ് വരെയാണ് ഇഞ്ചി നടീലും വിളവെടുപ്പും നടത്തേണ്ടത്. ചരക്ക് നീക്കം നിലച്ചത് കാരണം ഇഞ്ചിക്ക് വിലയിടിയാനും സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇഞ്ചി കൃഷി വൻ നഷ്ടത്തിലാകും. ലോക്ക് ഡൗൺ നീണ്ടാൽ കാർഷിക മേഖല വൻ തകർച്ചയിലാകുമെന്ന് മലയാളി കർഷകരും പറയുന്നു.