esther

കൽപ്പറ്റ: ആയുർവേദ ചികിത്സയ്‌ക്ക് എത്തിയതിനു പിറകെയാണ് ചലച്ചിത്ര നടൻ ജോജു ജോർജ് വയനാട്ടിൽ ലോക്ക് ഡൗണിൽ കുടുങ്ങിയത്. പക്ഷേ, പെട്ടുപോയതിന്റെ അസ്വസ്ഥതയൊന്നും ഇദ്ദേഹത്തിനില്ല. മറിച്ച് തികഞ്ഞ സംതൃപ്തി മാത്രം. കൊവിഡ് പ്രതിരോധത്തിനായി വയനാട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ 'ശീലങ്ങൾ മാറണം" എന്ന ബോധവത്കരണ ചിത്രത്തിൽ പങ്കാളിയുമായി.

വയനാട്ടുകാരി കൂടിയായ ചലച്ചിത്ര നടി എസ്തർ അനിലും ജോജുവും തമ്മിലുള്ള ഫോൺ സംഭാഷണമാണ് ചിത്രത്തിന്റെ കാതൽ. മുഖാവരണവും സാനിറ്റൈസറും അകലം പാലിക്കലും കൈകഴുകലുമെല്ലാം പുതിയ ശീലങ്ങളായി. ഇവർക്കൊപ്പം വയനാട് കളക്ടർ ഡോ.അദീല അബ്ദുള്ളയുമുണ്ട് ചിത്രത്തിൽ.

'ഭൂമിയിലെ സകലജീവജാലങ്ങൾക്കും മനുഷ്യൻ ഭീഷണിയാണ്. അകലമാണ് പുതിയ അടുപ്പം. ലൈഫ് സ്റ്റൈൽ മോശമായിരുന്നു. വയനാട്ടിൽ എത്തിയപ്പോൾ എല്ലാം ശരിയായി. ശീലങ്ങൾ മാറണം" - ജോജുവും എസ്തറും തമ്മിലുള്ള ഫോൺ സംഭാഷണം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 'വയനാടിന്റെ വാക്കുകൾ കേരളം ഏറ്റെടുക്കുകയാണ്, ശീലങ്ങൾ മാറുകയാണ് "- ചിത്രത്തിനൊടുവിൽ സംവിധായകൻ രഞ്ജിത്തിന്റെ വാക്കുകളാണിത്.

അഞ്ച് ദിവസങ്ങളിലായി തരിയോടുള്ള എസ്‌തറിന്റെ വീ‌‌ട്, പൊഴുതന, കൽപ്പറ്റ, കുറുവ ദ്വീപിലെ ആയുർവേദ യോഗ വില്ല എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാനുമായ പി.കെ. അനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്‌തത്.

വയനാട് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു. എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള എന്നിവർ പങ്കെടുത്തു.