സുൽത്താൻ ബത്തേരി: അയൽസംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ അതിർത്തി കടന്നെത്തിയ മലയാളികൾക്ക് പിന്നെയും കാത്തിരിപ്പിന്റെ മണിക്കൂറുകൾ. കേരളത്തിലെത്തിയിട്ടും ലക്ഷ്യസ്ഥാനത്തേക്ക് പോകാനായിരുന്നു ഈ കാത്തിരിപ്പ്. തിരുച്ചുവരാൻ നോർക്ക വഴിയും അല്ലാതെയും അപേക്ഷിച്ചതിലേറെ പേർ മുത്തങ്ങയിൽ എത്തിയതോടെയായിരുന്നു ആശയക്കുഴപ്പം. കാത്തിരിപ്പ് പാതിരാത്രിയോളം നീണ്ടു.
പാസില്ലാത്തവരെ എങ്ങനെ മറ്റു ജില്ലകളിലേക്ക് അയക്കുമെന്ന ആശയക്കുഴപ്പമാണ് പരിശോധനയ്ക്ക് കാലതാമസമുണ്ടാക്കിയത്. അതിനിടെ, വയനാട്ടിലുള്ളവരെ താത്കാലിക പാസ് നൽകി കടത്തി വിട്ടു. പിന്നീട് മറ്റ് ജില്ലകളിലുള്ളവർക്കും പാസ് നൽകി.
കഴിഞ്ഞ ദിവസത്തേതു പേലെ ആളുകളുടെ വരവ് കൂടിയാൽ നിയന്ത്രിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ജില്ലാ ഭരണകൂടം ഇന്നലെ ഒരുക്കി. ഇതുകാരണം ആളുകൾക്ക് അതിർത്തികടക്കാൻ ഇന്നലെ അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല. കേരളത്തിലേക്കുള്ളവർ മുൻകൂട്ടി പാസിന് അപേക്ഷിച്ചാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമെന്ന് അധികൃതർ അറിയിച്ചു.
അതിർത്തി കടന്നെത്തുന്നവരെ മുത്തങ്ങ മിനി ആരോഗ്യ കേന്ദ്രത്തിൽ പരിശോധിയ്ക്കും. തുടർന്ന് തെക്കൻ ജില്ലകളിലേക്കുള്ളവരെ പൊലീസ് അകമ്പടിയോടെ ലക്കിടി വരെയും വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട് ഭാഗത്തുള്ളവരെ പേര്യ വരെയും എത്തിക്കും. അവിടെ നിന്ന് അതിർത്തി ജില്ലയിലെ പൊലീസ് ഇവരെ കൂട്ടിക്കൊണ്ടുപോകും.