
കൽപ്പറ്റ: കൊവിഡ് ലോക്ക് ഡൗണിൽ ചിരി മറയ്‌ക്കുന്ന മാസ്കുകൾ മുഖത്തിന്റെ ഭാഗമാകുകയാണ്. മാസ്‌കില്ലാതെ പുറത്തിറങ്ങിയാൽ പിഴ ഉറപ്പ്. ഒപ്പം നിയമലംഘത്തിന് കേസുമാവും. സ്‌കൂൾ തുറക്കുമ്പോഴും ഇനി മാസ്‌ക് നിർബന്ധം. ആളുകളെ മാസ്‌കിലേക്ക് അടുപ്പിക്കുന്നതിന് ആകർഷക ഇനങ്ങൾ അവതരിപ്പിക്കുകയാണ് കോഴിക്കോട്ടെ ജെഴ്സി ഫാക്ടറി എം.ഡി തോപ്പിൽ ഷാജഹാൻ.
കായികപ്രേമികളുടെ കമ്പത്തിനനുസരിച്ചുള്ള മാസ്‌കുകളിറക്കുകയാണ് മാദ്ധ്യമപ്രവർത്തകനായിരുന്ന ഷാജഹാൻ. യൂറോപ്പിലെ വമ്പൻ ഫുട്ബാൾ ക്ളബ്ബുകളുടെ പേരിലുള്ള മുഖാവരണം ഇറക്കിയപ്പോൾ വിപണിയിൽ അത് ഹിറ്റായി. ക്രിക്കറ്റടക്കമുള്ള കായിക വിനോദങ്ങളുടെ പേരിലും മാസ്കുകൾ ഉടൻ വിപണിയിലെത്തും. കൊവിഡ് തടയാൻ മാസ്‌ക് നിർബന്ധമാക്കിയപ്പോഴാണ് ഷാജഹാന്റെ ഉള്ളിൽ ഈ പുതിയ ആശയം ഉദിച്ചത്.
സ്പാനിഷ് ഫുട്ബാൾ ക്ളബുകളായ റയൽ മാഡ്രിഡ്, ബാഴ്സലോണ, ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇറ്റാലിയൻ ക്ളബ് യുവന്റസ്, ഫ്രഞ്ച് ക്ളബ് പി.എസ്.ജി എന്നിവയുടെ ലോഗോയുമായി ജെഴ്സിയുടെ നിറത്തിലുള്ള മാസുകളാണ് വിപണി കീഴടക്കുന്നത്. പത്ത് രൂപയാണ് വില. മാസ്ക് ധരിക്കാൻ യുവാക്കളെയും കുട്ടികളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഷാജഹാൻ പറഞ്ഞു.
കേരളത്തിലെ പ്രമുഖ സ്‌പോർട്‌സ് വസ്ത്ര നിർമ്മാണ യൂണിറ്റായ ജേഴ്‌സി ഫാക്ടറി. കോഴിക്കോട്, കൊച്ചി, കോട്ടക്കൽ, തിരുപ്പൂർ എന്നിവിടങ്ങളിൽ നിർമ്മാണശാലയുണ്ട്. നിർമ്മാണ ചെലവ് മാത്രം ഈടാക്കിയാണ് മാസ്‌ക് വിതരണം ചെയ്യുന്നത്. ആറര രൂപയാണ് ഹോൾസെയിൽ വില. പ്രിന്റിംഗുള്ളവയ്‌ക്ക് ഒമ്പത് രൂപ വരും ചെലവ്.