കൽപ്പറ്റ: മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപത്തെ കല്ലൂർ മിനി ആരോഗ്യ കേന്ദ്രത്തിലെയും ഫെസിലിറ്റേഷൻ സെന്ററിലെയും തിരക്ക് കുറയ്ക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കുന്നു. ഇതിനായി 11 ജീവനക്കാരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചു. ഇവർ ഇന്ന് രാവിലെ ഏഴരയോടെ ജോലിയിൽ പ്രവേശിക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ തിരക്ക് കാരണം കൗണ്ടറുകൾ രാത്രി വൈകുംവരെ തുറന്നുവെക്കേണ്ടിവരുന്ന സാഹചര്യമാണ്. ഇതൊഴിവാക്കാനാണ് കൂടുതൽ കൗണ്ടറുകൾ സജ്ജീകരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് അംഗീകൃത പാസ് നിർബന്ധമാക്കുന്നത് രോഗവ്യാപനം തടയുന്നതിനു വേണ്ടിയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. തിരികെയെത്തുന്നവരിൽ വിവിധ സംസ്ഥാനങ്ങളിലെ ഹോട്ട് സ്‌പോട്ടിൽ നിന്നുള്ളവരുമുണ്ടാകാം. ഇവർ ക്വാറന്റൈനിൽ കഴിയാതെ നാട്ടിൽ ഇറങ്ങി നടക്കുന്ന സാഹചര്യമുണ്ടായാൽ രോഗവ്യാപനത്തിന് ഇടയാകും. ഇത് ഒഴിവാക്കുന്നതിനായി വ്യക്തിവിവരങ്ങൾ ശേഖരിച്ച് അവരവരുടെ ജില്ലയിലോ പഞ്ചായത്തുകളിലോ ക്വാറന്റൈനിൽ താമസിപ്പിക്കുന്നതിനാണ് രജിസ്‌ട്രേഷനും പാസും നിർബന്ധമാക്കുന്നത്.
പാസ്സ് ആവശ്യമുള്ള വ്യക്തി വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിച്ചാൽ അവരുടെ ജില്ലാ അധികാരികൾക്ക് അവ ലഭിക്കും. അപേക്ഷ വ്യക്തി താമസിക്കുന്ന ഗ്രാമ പഞ്ചായത്തിനോ മുനിസിപ്പാലിറ്റിക്കോ കൈമാറും. ഇത് അതാത് വാർഡിലെ മെമ്പർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർ തുടങ്ങിയവർ ഉൾപ്പെടുന്ന ജാഗ്രതാ സമിതി പരിഗണിക്കുന്നു. വരുന്ന വ്യക്തിയുടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യമുണ്ടോ എന്നും കൂടുതൽ കരുതൽ വേണ്ട രോഗികളുണ്ടോ എന്നും അന്വേഷിച്ചറിയും.
വീട്ടിൽ അസൗകര്യങ്ങളുണ്ടെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ സെന്ററിന്റെ പേര് നിർദ്ദേശിക്കും. വീട് സൗകര്യപ്രദമാണെങ്കിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം. ഇത്തരം കാര്യങ്ങൾ ഉറപ്പാക്കിയ ശേഷമാണ് വ്യക്തിക്ക് പാസ് അനുവദിക്കുന്നത്. ഓരോ പഞ്ചായത്തിലും തിരിച്ചെത്തുന്നവരുടെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിവിവരങ്ങൾ ലഭ്യമാക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.