സുൽത്താൻ ബത്തേരി: ''ജീവനു വേണ്ടി കിടന്നുപിടയുന്നത് ശത്രുവാണോ അതോ മിത്രമാണോ എന്ന് നോക്കാറില്ല. കൺമുന്നിലുള്ളത് മനുഷ്യജീവനാണ്. അത് ഒരിക്കലും പൊലിയാൻ പാടില്ല. ശത്രുവായാലും മിത്രമായാലും ജീവൻ വിലപ്പെട്ടതാണ്. അത് രക്ഷിക്കുക എന്നതു മാത്രമായിരിക്കും ഓരോ നഴ്‌സിന്റെയും കടമ''. നീണ്ട 21 വർഷം മിലിട്ടറി സർവീസിൽ നഴ്‌സായി സേവനമനുഷ്ഠിച്ചതിന്റെ ഓർമ്മകൾ പങ്കുവെക്കവെ മേജർ ഇന്ദിര അപ്പുട്ടി പറയുന്നു.
പലപ്പോഴും ഡോക്ടർ നോക്കും മുമ്പുതന്നെ ഒരു രോഗിയുടെ അടുത്ത് ആദ്യം എത്തുക നഴ്‌സുമാരായിരിക്കും. അവർ രോഗിയ്ക്ക് മാനസികമായി ആശ്വാസം പകരും. പ്രാഥമിക ശുശ്രൂഷകൾ നൽകും. അതിനു ശേഷമായിരിക്കും രോഗിയെ ഡോക്ടറുടെ അടുത്ത് എത്തിക്കുക. അതിനിടയ്ക്കു തന്നെ രോഗിയെ കുറിച്ചും രോഗത്തെക്കുറിച്ചുമുള്ള വിവരങ്ങൾ നഴ്‌സുമാർ മനസ്സിലാക്കിയിരിക്കണം. ചുരുങ്ങിയ സമയത്തിനിടയിൽ രോഗിയെ അടുത്തറിഞ്ഞിരിക്കണമെന്നു ചുരുക്കം.
1962-ലെ ചൈനീസ് യുദ്ധത്തിലും 65, 71 കാലഘട്ടങ്ങളിലെ ഇന്ത്യ - പാക് യുദ്ധങ്ങളിലും പരിക്കേറ്റവരെ യുദ്ധമുഖത്ത് ചെന്ന് ശുശ്രൂഷിച്ച നാളുകൾ ഇന്നും അഭിമാനത്തോടെയാണ് മേജർ ഇന്ദിര ഓർക്കുന്നത്. ശൈത്യകാലത്തായിരുന്നു ചൈന ഇന്ത്യയുടെ മേൽ ആക്രമണം അഴിച്ചുവിട്ടത്. അതിർത്തികളിലെ ട്രഞ്ചുകളിൽ ഇന്ത്യൻ ഭടന്മാർക്കൊപ്പം ദിവസങ്ങളോളം കഴിയേണ്ടി വന്നു. യുദ്ധമുഖത്ത് പരിക്കേറ്റ് വീഴുന്നവരെ അവിടെ ചെന്ന് ക്യാമ്പിലേക്കും ഒളിവിടങ്ങളിലും എത്തിച്ചായിരുന്നു ചികിത്സ. ഇന്നത്തെ പോലെ പരിക്കേറ്റ് വീഴുന്നവരെ കൊണ്ടുവരാൻ പ്രത്യേക സംവിധാനമൊന്നുമില്ല. ഡോക്ടറും നഴ്‌സുമെല്ലാം ഫീൽഡിൽ പോയി പരിക്കേറ്റവരെ എടുത്തുകൊണ്ടു വരികയായിരുന്നു. പരിക്കേറ്റ് വീണവർ ശത്രുവെന്നോ മിത്രമെന്നോ നോക്കാറില്ല. പരിക്കേറ്റവരെ ചികിത്സിച്ച് ഭേദമാക്കുകയാണ് ലക്ഷ്യം. പലപ്പോഴും ശത്രുവിനെയായിരിക്കും ചികിത്സിക്കേണ്ടി വരിക. സൈനികരെ പരസ്പരം കൈമാറുന്നതുവരെ ശത്രുവിനും മികച്ച ചികിത്സ നൽകും.
ഒരിക്കൽ ഫീൽഡിൽ പോയപ്പോൾ മൈൻപൊട്ടി അതിന്റെ ഷെല്ല് ഷൂസ് തുളച്ച് കാലിൽ കയറി. ഷെല്ല് നീക്കം ചെയ്തു അടുത്ത ദിവസം തന്നെ പരിക്കേറ്റ് കിടക്കുന്ന ജവാന്മാരെ ചികിത്സിക്കുന്നതിനായി തിരിച്ചു.
പരിക്കേറ്റു കിടക്കുന്നവരിൽ ശത്രുവിന്റെയോ മിത്രത്തിന്റെയോ മുഖമല്ല കാണേണ്ടത്. ജീവന് വേണ്ടി പിടയുന്നവന്റെ മുഖമായിരിക്കണം. ഒരു ജീവൻ രക്ഷിക്കുന്നതിന് വേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്നതായിരിക്കണം ഒരോ നഴ്‌സിന്റെയും മനസ്സിൽ തെളിയേണ്ടത്.
മനുഷ്യരാശിയ്ക്ക് വെല്ലുവിളിയുയർത്തി നിരവധി മഹാമാരികൾ വന്നിട്ടുണ്ട്. എന്നാൽ ഇവയെയെല്ലാം നാം കീഴ്‌പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്ന കൊവിഡ് 19 വൈറസിനെയും നമുക്ക് കീഴ്‌പെടുത്താനാവും. സർക്കാരും ആരോഗ്യ വകുപ്പും നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ചുനീങ്ങിയാൽ ഈ മഹാമാരിയെയും കീഴ്‌പെടുത്താനാവും.
പതിനെട്ടാമത്തെ വയസിലാണ് ഇന്ദിര ഇന്ത്യൻ ആർമിയിൽ ചേർന്നത്. പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറായ പിതാവ് തമ്പുരാൻകണ്ടി അനന്തന്റെ പ്രേരണയാണ് മിലിട്ടറി നഴ്‌സിംഗിൽ എത്തിച്ചത്. ഡൽഹിയിൽ നടന്ന ആർമി നഴ്‌സിംഗ് സ്‌കൂൾ ഇന്റർവ്യുവിൽ പങ്കെടുത്ത മൂന്നൂറ് പേരിൽ മൂന്ന് പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഇതിൽ രണ്ടു പേർ മെഡിക്കൽ ടെസ്റ്റിൽ അയോഗ്യരായി. പിന്നീട് അവശേഷിച്ച തനിക്ക് മാത്രമാണ് പ്രവേശനം കിട്ടിയത്.
ഡൽഹി, അസാം, സെക്കന്തരാബാദ്, എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് മേജർ ഇന്ദിര. 1965-ൽ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞു. ജില്ലാ സഹകരണ ബാങ്ക് മാനേജരായിരുന്ന അപ്പുട്ടിയുമായുള്ള വിവാഹം 1971-ലായിരുന്നു.
ആർമിയിൽ നിന്നു സ്വമേധയാ വിരമിക്കുകയായിരുന്നു. ഭർത്താവിന്റെ വിയോഗത്തോടെ മകൻ അനുപ് കുമാറിനും കുടുംബത്തിനുമൊപ്പം ബത്തേരിയിലാണ് താമസം. ബത്തേരിയിലെ വിനായക നഴ്‌സിംഗ് കോളേജിൽ നഴ്‌സിംഗ് സൂപ്രണ്ടാണിപ്പോൾ.