covid

കൽപ്പറ്റ: മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ കണ്ണൂർ, മലപ്പുറം ജില്ലകളിലുള്ളവരാണ്. ഇതോടെ, തൽക്കാലത്തേക്ക് പൊലീസ് സ്റ്റേഷൻ അടയ്ക്കാനുള്ള സാദ്ധ്യതയേറി. മാനന്തവാടി എസ്.എം.എസ് യൂണിറ്റിലേക്ക് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം മാറ്റാനാണ് ആലോചന. ഇതിന് മുമ്പ് സാമ്പിൾ പരിശോധിച്ച് നെഗറ്റീവായ പൊലീസുകാർക്ക് ഇവിടെ ചുമതല നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ കേരളകൗമുദിയോട് പറഞ്ഞു.ഇതിന് പുറമെ, തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസുകാരിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ, വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13ആയി.രോഗം ബാധിച്ച കമ്മനയിലെ ഒരു കേസിലെ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗം ബാധിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട സ്റ്റേഷനിലെ മറ്റു പൊലീസുകാരുടെയും ശ്രവം പരിശോധനയ്ക്ക് വിട്ടിട്ടുണ്ട്. ഇവർ ഇപ്പോൾ ക്വാറന്റൈനിലാണ്.