corona

കൽപ്പറ്റ: 'പുറത്ത് നിന്നുള്ളവരുടെ കുറ്റപ്പെടുത്തൽ എന്നെ മാനസികമായി തകർക്കുകയാണ്. എന്റെ അസുഖം ആശുപത്രിയിലെ ചികിത്സയിൽ ഭേദമാകുമെന്ന് ഉറപ്പുണ്ട്. പക്ഷേ രോഗം പടർത്തിയവനെന്ന കുറ്റപ്പെടുത്തൽ സഹിക്കാനാകുന്നില്ല. എല്ലാവരും എന്നെ മനസിലാക്കണം."- കൊവിഡ് ബാധിച്ച് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ലോറി ഡ്രൈവറു‌ടെ കണ്ഠമിടറുന്ന വാക്കുകളാണിത്. 32 ദിവസം ഗ്രീൻ സോണിലായിരുന്ന വയനാടിപ്പോൾ റെഡിലാണ്. സ്റ്റേഷനിൽ മൂന്ന് പൊലീസുകാർക്കും രോഗം ബാധിച്ചു. പക്ഷേ എല്ലാ ആരോപണങ്ങളും തനിക്കു നേരെ ആയതോടെയാണ് അദ്ദേഹം മനസ് തുറന്നത്.

ചെന്നൈയിൽ നിന്ന് മടങ്ങുമ്പോൾ അവിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വരുമ്പോൾ തന്നെ വിവരം വീട്ടിലറിയിച്ചു. മീനങ്ങാടിയിലും കുമ്പളേരിയിലെ ഗോഡൗണിലും നാലാം മൈലിലെ ഫർണിച്ചർ കടയിലും മാനന്തവാടിയിലെ മൊബൈൽ സെന്ററിലും പോയിരുന്നു. അതിന് ശേഷമാണ് വീട്ടിൽ പോയത്. ക്ളീനർക്കൊപ്പം ഒമ്പത് ദിവസം ഒരുമിച്ച് കഴിഞ്ഞെങ്കിലും അദ്ദേഹത്തിന് രോഗമില്ല. എന്നാൽ അദ്ദേഹത്തിന്റെ മകന് രോഗമുണ്ട്. ക്ളീനറുടെ മകനും കമ്മനയിലെ യുവാവും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. ഇവർക്ക് എങ്ങനെ രോഗം കിട്ടിയെന്ന് കണ്ടത്തണം.

ക്ളീനറുടെ മകനെ രോഗം ബാധിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് കാണുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കമ്മനയിലെ യുവാവിനെ മാനന്തവാടി സ്റ്റേഷനിൽ ചോദ്യം ചെയ്‌തിരുന്നു. അങ്ങനെയാണ് പൊലീസുകാർക്ക് കൊവിഡ് വന്നത്. മനഃപൂർവമായി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഉപകാരം ചെയ്തില്ലെങ്കിലും ആരും എന്നെയും കുടുംബത്തെയും ഉപദ്രവിക്കരുത്. കുറ്റങ്ങൾ എന്റെ തലയിൽ വച്ച് കെട്ടരുത്. - നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു നിറുത്തി.