കൽപ്പറ്റ: ചൂരലെടുത്ത് നാട് നീളെ നടന്ന് റോഡിലിറങ്ങുന്നവരെ ആട്ടിയോടിക്കുകയൊന്നും വേണ്ട. ജനം വീട്ടിൽ തന്നെ. നിയമപാലകർക്ക് റോഡിലിറങ്ങി ആരെയും ബോധവൽക്കരിക്കുകയും വേണ്ട. മാനന്തവാടി മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. ആളും ബഹളവും ഇല്ല. നാട് അടഞ്ഞ് കിടക്കുകയാണ്. കടകമ്പോളങ്ങൾ തുറക്കുന്നില്ല.മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് നാമമാത്രമായി തുറന്നതും.
പുറത്തിറങ്ങിയാൽ പണി പാളുമെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം.സാനിറ്റൈസർ ഉപയോഗിക്കുന്നതും മുഖാവരണം ധരിക്കുന്നതും ശീലമായി. ഒരിടത്തും ആൾക്കൂട്ടമില്ല. അത്യാവശ്യമായി പുറത്തിറങ്ങുന്നവർ മതിയായ കാരണങ്ങൾ കൈയിൽ കരുതും. അതുകൊണ്ട് തന്നെ കൊവിഡ് നിയമ ലംഘനം ഇല്ലെന്ന് തന്നെ പറയാം. റേഷൻ കടകളിൽ പോലും തിരക്കൊഴിഞ്ഞു.
ജനങ്ങൾ ശരിക്കും ഭീതിയിലാണ്.നിയമപാലകരായ പൊലീസുകാർക്കും രോഗം ബാധിച്ചതോടെ ജനം ശരിക്കും എല്ലാം ഉൾക്കൊണ്ടു.
മാനന്തവാടി താലൂക്കിൽ പകൽ പോലും ആളനക്കമില്ലാത്ത അവസ്ഥ. നിരത്തിലിറങ്ങുന്നത് ചുരുക്കം വാഹനങ്ങൾ മാത്രം. വീട്ടിനുളളിൽ അടങ്ങിയിരുന്നാൽ അത്രയും നല്ലതെന്ന് ആളുകൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതോടെ പൊലീസുകാർക്കും ജോലി എളുപ്പമായി.