തിരുനെല്ലി: ബ്രഹ്മഗിരി താഴ്‌വരയെ കാക്കുന്ന തിരുനെല്ലി പെരുമാളിനായി കാടിന്റെ മക്കളുടെ ഉള്ളുരുകിയ പ്രാർത്ഥനാ നിവേദ്യം.
കൊവിഡിനെ തുടർന്ന് തിരുനെല്ലി ക്ഷേത്രം അടച്ചതോടെ ബ്രഹ്മഗിരി താഴ്‌വരയിലായിരുന്നു ഇവരുടെ പ്രാർത്ഥന. തിരുനെല്ലിയിലെ ഘോരവനത്തിൽ വന്യമൃഗങ്ങൾക്കൊപ്പം കഴിയുന്ന ഇവർക്ക് മുന്നിലും കൊവിഡ് ഭീഷണി ഉയരുകയാണ്. മനമുരുകി പ്രാർത്ഥിച്ചാൽ പെരുമാൾ തങ്ങളെ കാക്കുമെന്നാണ് ഇവരുടെ വിശ്വാസം.
ഒരിക്കൽ നാടിനെ വസൂരി വിഴുങ്ങിയപ്പോൾ ഉൗര് മൂപ്പന്മാരുടെ നേതൃത്വത്തിൽ അതിനെ തുരത്താൻ തിരുനെല്ലിയിൽ ഗദ്ദിക നടത്തിയിരുന്നു. അങ്ങനെയാണ് വസൂരിയെ തുരത്തിയതെന്നാണ് ഇവരുടെ വിശ്വാസം. കൊവിഡ് ഭീതിയിലും ജനം റോഡിലിറങ്ങിയപ്പോൾ വയനാട്ടിലെ ആദിവാസികൾ കൂരകളിലേക്കൊതുങ്ങി.
അതിനിടെ പനവല്ലിയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഒരാളുടെ കടയിൽ അറിയാതെ മുന്നൂറോളം ആദിവാസികൾ പോയിരുന്നു. ആദിവാസികളിലേക്ക് കൊവിഡെത്തിയാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും. എന്നാൽ ഇത് മുന്നിൽക്കണ്ട് സാമൂഹ്യഅകലം പാലിച്ച് ആദിവാസികൾ കോളനികളിലേക്കൊതുങ്ങുകയാണ്.
അതിനിടെ, ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ ദിവസം പനവല്ലിയിലെയും പരിസരത്തെയും ആദിവാസി കോളനികളിലെത്തി. ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ ഡോ.നിത വിജയൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.എം.നൂനാ മർജ്ജ, ഡോ.ജെറി ജെറോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്രവപരിശോധനയും നടത്തി. ഒ.ആർ. കേളു എം.എൽ.എ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, വൈസ് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, തഹസിൽദാർ ഷൈജു എന്നിവരും സ്ഥലത്തെത്തിയിരുന്നു. നിരീക്ഷണം ആവശ്യമായി വരുന്ന ആദിവാസികളെ തിരുനെല്ലി ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസ്, തിരുനെല്ലി, പോത്തുമൂല എന്നിവിടങ്ങളിലാകും പ്രവേശിപ്പിക്കുക. ഇവർക്കുള്ള ഭക്ഷണം തിരുനെല്ലി പഞ്ചായത്തിന്റെ കാട്ടിക്കുളത്തെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് എത്തിക്കും. തിരുനെല്ലി പഞ്ചായത്തിൽ ഏഴാം വാർഡിലെ കൊല്ലി, സർവാണി, കുണ്ടറ കോളനികളിൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്..