corona

കൽപ്പറ്റ: വയനാടിന് ആശ്വാസമായി ഇന്നലെ പുതിയ കേസുകളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തില്ല. രണ്ട് പേർക്ക് രോഗം ഭേദമായി. ചെന്നൈ കൊയമ്പേട് മാർക്കറ്റിൽ നിന്നുവന്ന ലോറി ഡ്രൈവറുമായുള്ള സമ്പർക്കത്തിൽ രോഗം ബാധിച്ചവർക്കാണ് ഇന്നലെ രോഗമുക്തി.

കൊവിഡ് രോഗബാധിതരായി 19 പേരാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ ലോറി ഡ്രൈവറുടെ മാതാവ് 85കാരിയും ക്ലീനറുടെ മകൻ 20കാരനും അസുഖം ഭേദമായി. എന്നാൽ 85കാരി വീട്ടിൽ തനിച്ചാവുമെന്നതിനാൽ ജില്ലാ ആശുപത്രിയിലെ പേ വാർഡിൽ കഴിയുകയാണ്. 20കാരൻ ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ച പനവല്ലി സ്വദേശിയായ 36കാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ഒന്നാം സമ്പർക്ക പട്ടികയിൽ 78 പേരുണ്ട്. അതിൽ ഏറെയും ആദിവാസികളാണ്. കൊല്ലി, സർവ്വാണി, കുണ്ടറ കോളനികളിലെ 340ഓളം പേരും പൊതുവിഭാഗത്തിൽ 260ഓളം പേരും ആരോഗ്യവകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. മുൻ അഡീഷണൽ ഡയറക്ടർ (ആരോഗ്യം) ഡോ.നീത സുകുമാരൻ, ഡോ. ജെറിൻ ജെറോൾഡ്, ഡോ. നൂന മർജ്ജ കെ. എം, ഡോ. മിഥുൻ, ഡോ. ഗ്രീഷ്മ, ഹെൽത്ത് ഇൻസ്‌പെക്ടർ രവീന്ദ്രൻ എന്നിവരടങ്ങുന്ന സംഘം തിരുനെല്ലി പഞ്ചായത്തിൽ ക്യാംപ് ചെയ്താണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഒ.ആർ കേളു എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മായാദേവി തുടങ്ങിയവർ നിർദ്ദേശങ്ങൾ നൽകിവരുന്നു. വയനാട് ജില്ലയിൽ കൊവിഡ് ബാധിച്ച പൊലീസുകാരിൽ നിന്നുളള സമ്പർക്കത്തിലൂടെ ആർക്കൊക്കെ രോഗം വ്യാപിച്ചുവെന്ന വിവരം ലഭ്യമായിട്ടില്ല. അറുപതിലേറെ പൊലീസുകാരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. തവിഞ്ഞാലിനെ ജില്ലയിലെ പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.