lisy
അമ്മ റോസക്കുട്ടിക്ക് സമീപം ഇരുന്ന് മാസ്ക്ക് തയ്ക്കുന്ന ലിസി

കൽപ്പറ്റ: ലിസിയെ അറിയില്ലേ, ജയിലിൽ നിന്ന് പുസ്തകമെഴുതി മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരിയായ തടവുകാരി. കൊവിഡ് മഹാമാരിയിൽ നാടാകെ ലോക്ക് ഡൗൺ ആയതോടെ അമ്മയ്ക്കും പിറന്ന നാടിനും കാവലായുണ്ട് ഈ നാൽപത്തിയഞ്ചുകാരി. പൂജപ്പുര വനിതാ ഒാപ്പൺ ജയിലിൽ നിന്ന് മാർച്ച് 28ന് നാട്ടിലെത്തിയതാണ്. സുപ്രീംകോടതിയുടെ ഉത്തരവിൽ രണ്ട് മാസത്തെ പരോൾ മേയ് 28ന് കഴിയും. തിരിച്ചുപോക്ക് എങ്ങിനെയെന്ന് അറിയില്ല. ഐ.ജിയു‌ടെ നിർദ്ദേശം വരണം. ഗതാഗതം സാധാരണയായാൽ ചുരം ഇറങ്ങണം പൂജപ്പുരയിലേക്ക്.

മാസ്ക് തയ്ച്ച് നാടിന്റെ കരുതലിനൊപ്പം

മഹാമാരിയെ തടയാൻ മാസ്ക് നിർമ്മിച്ച് വിൽക്കുകയാണ് ഈ പരോൾക്കാലത്ത്. പാവങ്ങൾക്ക് കുറെ വെറുതെയും നൽകി. അമ്മയുടെ വാർധക്യ പെൻഷനിൽ നിന്ന് രണ്ടായിരം രൂപയ്ക്ക് ഒരു പഴയ തയ്യൽ മെഷിൻ വാങ്ങിയാണ് മാസ്ക് തുന്നൽ. നേരത്തെ തയ്യൽ പഠിച്ചത് ഉപകാരമായെന്ന് ലിസി പറയുന്നു. ജയിലിലും തയ്യൽ തന്നെയാണ് ജോലി. ഒരു ദിവസം 170 രൂപ കൂലി കിട്ടും. ആറ് ദിവസം ജോലി ചെയ്യാം. വീട്ടിലെ ദാരിദ്ര്യമോർത്ത് ഞായറാഴ്ചയും ജോലി ചെയ്താലോ എന്ന് തോന്നിയിട്ടുണ്ട്.

ആധി അമ്മയെ ഓർത്ത്

ചുളളിയോട് പുള്ളോലിക്കൽ ലിസിക്ക് അമ്മ റോസക്കുട്ടിയെ ഓർക്കുമ്പോഴാണ് ആധി ഏറുന്നത്. ഓരോ പരോളും അമ്മയെ കാണാൻ വേണ്ടിയാണ് . ജീവിക്കുന്നതു തന്നെ അമ്മയ്ക്കാണെന്ന് പറയാം. രണ്ടര മാസം കൂടുമ്പോൾ വേണമെങ്കിൽ പതിനഞ്ച് ദിവസത്തേക്ക് വരാം. ഇപ്പോൾ അങ്ങനെ വരാനാണ് ലിസിക്ക് ആഗ്രഹം. കാരണം അമ്മയ്ക്ക് തീരെ വയ്യ. കഴിഞ്ഞ ദിവസം പന്ത്രണ്ട് കിലോ മീറ്റർ നടന്നാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് അമ്മയ്ക്ക് മരുന്ന് വാങ്ങിയത്. രണ്ടുതവണ അഗ്നിശമന സേന മരുന്ന് എത്തിച്ചിരുന്നു. പിന്നീട് ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി. എല്ലാം അമ്മയ്ക്ക് വേണ്ടി. ഇനി എത്ര നാൾ.

ആറുമക്കളിൽ ഒരുവൾ

പുള്ളോലിക്കൽ ജോർജിന് ലിസിയടക്കം ആറു മക്കൾ. അഞ്ച് പെണ്ണുങ്ങൾ. അച്ഛൻ മരിച്ചിട്ട് 12 വർഷമായി. അമ്മ മംഗലംകാർപ്പ എസ്റ്റേറ്റിലെ ജോലിക്കാരിയായിരുന്നു. ഒമ്പത് രൂപ കൂലിയുള്ളപ്പോൾ ജോലിക്ക് കയറിയതാണ് . 2010ൽ ജോലിയിൽ നിന്ന് വിരിമിച്ചു. പെൻഷനായി ലഭിച്ച തുക വീടിനായി മാറ്റി. എട്ട് സെന്റ് ഭൂമിയിൽ നെന്മേനി പഞ്ചായത്ത് പണിത് നൽകിയ കൊച്ചുപുര. കരാറുകാരൻ പറ്റിച്ചതോടെ ചോർന്നൊലിക്കുന്ന കൂരയിലാണ് ജീവിതം.

സുഹൃത്തിന്റെ ചതിയിൽപെട്ട് ജയിലിലേക്ക്

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഒരാൾക്ക് നൽകാനായി സുഹൃത്ത് നൽകിയ പൊതി കഞ്ചാവാണെന്ന് അറിയാതെ കൈവശംവച്ചതാണ് ലിസിയുടെ ജീവിതം മാറ്റിമറിച്ചത്. 2010 ജൂലായിലായിരുന്നു സംഭവം. 25 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. 2011 മുതൽ ശിക്ഷ അനുഭവിക്കുന്നു. ആറുമാസം മുമ്പുവരെ കണ്ണൂർ സെൻട്രൽ ജയിലിൽ. ഇപ്പോൾ പൂജപ്പുരയിലെ തുറന്ന ജയിലിൽ. കണ്ണൂർ സെൻട്രൽ ജയിലിലുള്ളപ്പോഴാണ് ആദ്യ പുസ്തകം എഴുതുന്നത്. മോഹൻലാൽ പ്രകാശനം ചെയ്ത പുസ്തകത്തിലൂടെ കേരളമറിയുന്ന എഴുത്തുകാരിയായി. രണ്ടാമത്തെ പുസ്തകത്തിന്റെ

പണിപ്പുരയിലാണ്.