മാനന്തവാടി: സംസ്ഥാനത്ത് ആദ്യമായി മൂന്ന് പൊലീസുകാർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 14 മുതൽ അടച്ചിട്ട മാനന്തവാടി പൊലീസ് സ്‌റ്റേഷൻ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു. ക്വാറന്റയിന് ശേഷം ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ ഔദ്യോഗികമായി സ്‌റ്റേഷൻ സന്ദർശിച്ചതോടെയാണ് സ്‌റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചത്.

മാനന്തവാടിയിലെ 13 ഓളം പൊലീസുകാരും, ട്രാഫിക് യൂണിറ്റിലെ പൊലീസും കൽപ്പറ്റയിൽ നിന്നുള്ള 9 പൊലീസുകാരും എ ആർ ക്യാമ്പിലെ നാല് പേർ, ബറ്റാലിയിനിലെ 25 ഓളം പേർ എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രവർത്തനം പുനരാരംഭിച്ചത്.

വളരെ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമേ പൊലീസ് സ്‌റ്റേഷൻ സന്ദർശിക്കാവൂ എന്നും, അല്ലാത്ത സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു. സ്‌റ്റേഷൻ ഹൗസ് ഓഫീസറായ സി.ഐ. അബ്ദുൾ കരീം ക്വാറന്റൈൻ കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാത്തതിനാൽ വെള്ളമുണ്ട സ്‌റ്റേഷൻ ഹൗസ് ഓഫീസർ സന്തോഷിനാണ് ചുമതല.