corona

കൽപ്പറ്റ: പുതിയ കൊവിഡ് കേസുകളില്ലാതെ അഞ്ചാം ദിവസത്തിലേക്ക് കടന്ന വയനാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കമ്മനയിലെ ഇരുപതുകാരൻ കഴിഞ്ഞ ദിവസം രോഗവിമുക്തി നേടിയത് ജില്ലയ്‌ക്ക് ആശ്വാസവുമായി. പൊലീസ് സേനയിലെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായതും ആശ്വാസമായി. ഇപ്പോൾ 17 പേരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 16 പേർ നിരീക്ഷണത്തിലുമുണ്ട്.

കൽപ്പറ്റയുൾപ്പെടെയുള്ള പ്രദേശങ്ങൾ ഇന്നലെ സാധാരണ നിലയിലായി. എന്നാൽ മാനന്തവാടി മുനിസിപ്പാലിറ്റിയടക്കമുള്ള ചില പ്രദേശങ്ങൾ കണ്ടൈയ്ൻമെന്റ് സോണിലാണ്. ഇവിടെ അവശ്യസാധനങ്ങൾ പോലും വീടുകളിലെത്തിക്കുകയാണ്. പെട്രോൾ പമ്പുകൾ ഒരോന്നും ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് തുറക്കുന്നത്. മെഡിക്കൽ സ്റ്റോറുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 8, 9, 17 വാർഡുകളെയും, തച്ചമ്പത്ത് കോളനിയെയും, അമ്പലവയലിലെ മാങ്ങോട്ട് കോളനിയെയും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

കണ്ടെയ്ൻമെന്റ് സോണിലുള്ള സ്ഥലങ്ങൾ

 മാനന്തവാടി നഗരസഭ,

 തിരുനെല്ലി, എടവക പഞ്ചായത്തുകൾ

 മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 7, 10, 11, 13, 14, 15, 16,18 വാർഡുകൾ

 തവിഞ്ഞാൽ പഞ്ചായത്തിലെ ആറാം വാർഡ്,

 നെൻമേനിയിലെ 7, 8, 9, 10, 11, 12, 13, 14 വാർഡുകൾ

 പനമരം പഞ്ചായത്തിലെ 1, 2 വാർഡുകൾ

 പൊലീസുകാർ ജോലിക്കെത്തി

വയനാട്ടിൽ മൂന്ന് പൊലീസുകാർക്ക് കൊവിഡ് പടർന്നത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ജില്ലാ പൊലീസ് മേധാവിയുൾപ്പെടെ ഉള്ളവരുടെ ഫലം നെഗറ്റീവായതോടെ ഇവരെല്ലാം ജോലിയ്‌ക്കെത്തി. കൊവിഡ് ഭീഷണിയെ തുടർന്ന് അടച്ച മാനന്തവാടി പൊലീസ് സ്റ്റേഷൻ കഴിഞ്ഞ ദിവസം തുറന്നു. സ്റ്റേഷന് പുറത്തുള്ള ജോലികൾക്കായി കണ്ണൂർ കേരള ആംഡ് പൊലീസ് ബറ്റാലിയൻ, കൽപ്പറ്റ സബ് ഡിവിഷൻ, എ.ആർ ക്യാമ്പ്, മാനന്തവാടി ട്രാഫിക് യൂണിറ്റ് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പൊലീസുകാരെ മാനന്തവാടി സ്റ്റേഷനിൽ വിന്യസിച്ചു.