കൽപ്പറ്റ: ശക്തമായ നിയന്ത്രണങ്ങളിലൂടെ കൊവിഡിനെ പ്രതിരോധിക്കുന്ന വയനാട്ടിൽ ഇന്നലെ രോഗ മുക്തി നേടിയത് അഞ്ചു പേർ. ജില്ലയിൽ ഇന്നലെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ആറ് ദിവസമായി ജില്ലയിൽ കൊവിഡ് കേസുകളില്ല. ജില്ലാ കൊവിഡ് സെന്ററായ മാന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പൊലീസുകാർ, ട്രക്ക് ഡ്രൈവറുടെ മകൻ (29), മരുമകൻ (35), വിദേശത്ത് നിന്നെത്തിയ യുവാവ് (29) എന്നിവരാണ് ആശുപത്രി വിട്ടത്. രോഗം ഭേദമായ മലപ്പുറം സ്വദേശിയായ മാനന്തവാടി സ്റ്റേഷനിലെ പൊലീസുകാരന്റെ കണക്ക് മലപ്പുറം ജില്ലയിൽ രേഖപ്പെടുത്തും.
രോഗം സ്ഥിരീകരിച്ച 11 പേരുൾപ്പെടെ 18 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 3046 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 134 പേരെ നിരീക്ഷണത്തിലാക്കി. അതേസമയം 93 പേർ നിരീക്ഷണം പൂർത്തിയാക്കി.
ഇന്നലെ 64 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 1462 സാമ്പിളുകളാണ് അയച്ചത്. ഇതിൽ 1259 എണ്ണം നെഗറ്റീവാണ്. 173 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ഇന്നലെ 81 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്‌ക്ക് അയച്ചു. ജില്ലയിൽ ഇതുവരെയായി 1379 സെന്റിനൽ സാമ്പിളുകളാണ് അയച്ചത്യ. നിരീക്ഷണത്തിലുള്ള 627 പേർക്ക് കൗൺസലിംഗും നൽകി.
വയനാട്ടിലെ എടവക ഗ്രാമപഞ്ചായത്തിലെ 12,14,16 വാർഡുകളെ കൂടി കണ്ടെയിൻമെന്റ് സോണിൽ നിന്നൊഴിവാക്കിയതായി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
വയനാട്ടിലെ കണക്ക് ഇങ്ങനെ
നിരീക്ഷണത്തിലുള്ളത് - 3046 പേർ
ഇന്നലെ നിരീക്ഷണത്തിലായവർ - 134
ഇന്നലെ നിരീക്ഷണം പൂർത്തിയാക്കിയത് - 93
ഇന്നലെ പരിശോധനയ്‌ക്ക് അയച്ച സാമ്പിൾ - 64
ഇതുവരെ അയച്ച സാമ്പിൾ - 1462
നെഗറ്റീവ് ആയത് -1259
ഇന്നലെ പരിശോധനയ്‌ക്ക് അയച്ച സർവൈലൻസ് സാമ്പിൾ-81