family
പാരമ്പര്യം മുറക്കെപ്പിടിച്ച്....പടിക്കൽപ്പറമ്പ് കുടുംബാംഗങ്ങൾ നെൽകതിർക്കുലുകളുമായി

കൽപ്പറ്റ: നെൽകതിർക്കുല നിർമ്മാണം എന്നാൽ തൃക്കൈപ്പറ്റ അങ്ങാടി വയലിൻ തീരത്തെ പടിക്കപറമ്പിൽ അമ്മിണിയായിരുന്നു. വീടുകളുടെ ഉമ്മറത്ത് ഐശ്വര്യം പൊഴിക്കുന്ന നെൽക്കതിർക്കുലകൾ അമ്മിണിയിലൂടെ പിറന്നു. കാലം അമ്മിണിയെ മടക്കി വിളിച്ചെങ്കിലും തന്റെ അദ്ധ്വാനം മകളിലും പേരക്കിടാങ്ങളിലും മരുമക്കളിലും അവർ കരുപ്പിടിപ്പിച്ചിരുന്നു. അങ്ങനെ നെൽകതിർക്കുലകളുടെ പെരുമ പടിക്കപറമ്പിൽ കുടുംബം ഇന്നും കാത്തുസൂക്ഷിക്കുകയാണ്.

 നെൽക്കതിർ കുലകളുടെ നാട്

കൊയ്യാൻ പാകമാകും മുമ്പ് നെന്മണികൾ കൊഴിയാതെ കതിരോലകൾ സൂക്ഷ്മതയോടെ അരിഞ്ഞെടുത്ത് മഞ്ഞിലും വെയിലിലും പാകപ്പെടുത്തിയാണ് നെൽക്കതിർക്കുലകൾ ഉണ്ടാക്കുന്നത്. നാല് മീറ്റർ കതിരോലകൾ മെടഞ്ഞ് ചുറ്റിയുള്ള നിർമ്മാണത്തിന് രണ്ടര ആഴ്ചയോളം സമയമെടുക്കും. 1954ൽ തൃശൂരിലെ കുന്നംകുളം ചൊവ്വണ്ണൂരിൽ നിന്ന് അടിമയെന്ന കർഷകന്റെ കൈയും പിടിച്ച് ചുരം കയറിയ അമ്മിണിയ്‌ക്ക് പൂർവികരാണ് നെൽക്കതി കുലകളുടെ കൂട്ട് കൈമാറിയത്. തുടർന്ന് തൃക്കൈപ്പറ്റ ഗ്രാമത്തിലെ മണ്ണ് പൊന്നാക്കി. ആവശ്യമായതെല്ലാം മണ്ണിൽ വിളയിച്ചു, ഒപ്പം നെൽക്കതിർക്കുലകളും.

1989ൽ അ‌ടിമ മരിച്ചു, 2013ൽ അമ്മിണിയും. പക്ഷേ അമ്മിണി തനിക്ക് കിട്ടിയ വരദാനം മകൾ പാർവതിയിലേക്ക് പകർന്നിരുന്നു. പരേതനായ അയ്യപ്പന്റെ ഭാര്യയാണ് പാർവതി. ഷിബുവും ഷിജുവുമാണ് മക്കൾ. തങ്ങളുടെ മൂന്നേക്കറിൽ വിളയുന്ന നെൽക്കൃഷിയിൽ നിന്നാണ് നെൽക്കതിർക്കുലകൾ പാകമാക്കുന്നത്. ആറ് വർഷമായി അത് മുടങ്ങാതെ ചെയ്യുന്നുണ്ട്. അതിനിടെ നെൽക്കതിർക്കുലയുടെ പെരുമ മരുമക്കളായ രജിതയിലേക്കും ജിഷയിലേക്കും പാർവതി പകർന്നു. ലോക്ക് ഡൗണിലും ഉപ്പൊഴികെ ഒന്നിനും പുറത്തേക്ക് പോകാറില്ലെന്ന് പാർവതി പറയുന്നു.

 കല അന്യമല്ല

പടിക്കപറമ്പിലുകാർ പാരമ്പര്യമായി കലാകാരന്മാരാണ്. കൃഷിയ്‌ക്കൊപ്പം പൊറാട്ട് നാടകവും നാടൻ പാട്ടുകളും മറ്റ് കലകളും അവർക്കൊപ്പം ഇവിടെ പിറന്നു. വീടിന്റെ ഉമ്മത്ത് അമ്മ മെടഞ്ഞ് തൂക്കിയ നെൽക്കതിർക്കുലയാണ് തങ്ങളുടെ ഐശ്വര്യത്തിന്റെ കാരണമെന്നാണ് ഈ കുടുംബത്തിന്റെ വിശ്വാസം.