കൽപ്പറ്റ: വയനാട്ടിൽ ഇന്നലെ ഒരാൾക്കുകൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന മൂന്നു പേർ രോഗമുക്തരായി. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്നു വന്ന പുൽപ്പള്ളി കല്ലുവയൽ സ്വദേശിയായ യുവാവിനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലർച്ചെ ടാക്‌സി കാറിൽ പുൽപ്പള്ളിയിലെത്തിയ ഇയാൾ ആംബുലൻസിൽ ജില്ലാ ആശുപത്രി കൊവിഡ് കെയർ സെന്ററിലെത്തുകയായിരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച ചീരാൽ സ്വദേശിയായ യുവാവ് ജോലി ചെയ്ത മാർക്കറ്റിലാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച യുവാവും ജോലി ചെയ്തിരുന്നത്. ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 24 കേസുകളിൽ മൂന്നെണ്ണം ചെന്നെ കോയമ്പേട് മാർക്കറ്റിൽ നിന്ന് വന്നവരാണ്.
ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത ഇന്നലെ മൂന്ന് നെഗറ്റീവ് ഫലങ്ങൾ വന്നത് ജില്ലയ്ക്ക് ആശ്വാസമായി. മേയ് 15ന് രോഗം സ്ഥിരീകരിച്ച മൂന്നുപേർക്കാണ് ഇന്നലെ രോഗം ഭേദമായത്. കോയമ്പേട് നിന്നു വന്ന ചീരാൽ സ്വദേശിയായ യുവാവിന്റെ സമ്പർക്കം മൂലം രോഗബാധിനായ സഹോദരൻ, ലോറി ഡ്രൈവറുടെ മകളുടെ സമ്പർക്കത്തിൽ നിന്ന് രോഗബാധിതയായ ചെറൂർ 54 സ്വദേശിയായ ഒരു വയസുകാരി, ലോറി ഡ്രൈവറുടെ മരുമകന്റെ സമ്പർക്ക ഫലമായി രോഗബാധിതനായ പനവല്ലി സ്വദേശിയായ യുവാവ് എന്നിവരാണ് ഇന്നലെ രോഗമുക്തരായത്.