ഒരാൾക്ക് രോഗമുക്തി
ചികിത്സയിൽ എട്ടുപേർ മാത്രം

കൽപ്പറ്റ: ആപത് ഘട്ടം തരണം ചെയ്ത് വയനാട് പതുക്കെ ആശ്വാസ തീരത്തേക്ക്. ഇന്നലെ ഒരാൾക്ക് കൂടി രോഗം ഭേദമായി. മേയ് 10ന് രോഗം സ്ഥിരീകരിച്ച മീനങ്ങാടി സ്വദേശിയായ 45 കാരിക്കാണ് രോഗമുക്തി. മേയ് രണ്ടിന് രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഗോഡൗൺ ജീവനക്കാരന്റെ ഭാര്യയാണ് ഇവർ. ഇതോടെ ജില്ലയിൽ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 16 ആയി. ഇനി എട്ടു രോഗികൾ ചികിത്സയിലുണ്ട്. രോഗലക്ഷണം സംശയിക്കുന്നവർ ഉൾപ്പെടെ 18 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഇന്നലെ നിർദ്ദേശിക്കപ്പെട്ട 71 പേർ ഉൾപ്പെടെ 3784 പേർ ക്വാറന്റൈനിൽ കഴിയുന്നു. ഇതിൽ 1556 പേർ കൊവിഡ് കെയർ സെന്ററുകളിലാണ്. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 1558 സാമ്പിളുകളിൽ ഫലം ലഭിച്ച 1376ൽ 1352 നെഗറ്റീവും 24 പോസിറ്റീവുമാണ്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലയിൽ നിന്ന് 1698 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ ഫലം ലഭിച്ച 1407ഉം നെഗറ്റീവാണ്.

ജില്ലയിലെ 10 അന്തർ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ 623 വാഹനങ്ങളിലായി എത്തിയ 1122 പേരെ സ്‌ക്രീനിംഗിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.