മാനന്തവാടി: കണ്ടെയ്‌മെന്റ് സോണായ മാനന്തവാടി നഗരസഭയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ആദ്യദിനം നൂറു ശതമാനം വിദ്യാർത്ഥികളേയും പരീക്ഷക്കെത്തിക്കാൻ മുൻകൈയെടുത്ത് മാനന്തവാടി നഗരസഭ. നഗരസഭയ്ക്ക് കീഴിലെ നാല് എസ്.എസ്.എൽ.സി പരീക്ഷാ കേന്ദ്രങ്ങളിലായി 1039 വിദ്യാർത്ഥികളും, വി.എച്ച്.എസ്.സി കേന്ദ്രത്തിൽ 119 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്.
കെ.എസ്.ആർ.ടി.സി ബസ്സുകൾ, സ്‌കൂളുകൾ ഏർപ്പെടുത്തിയ വാഹനങ്ങൾ എന്നിവയ്ക്ക് പുറമേ രണ്ട് ബസ്സുകൾ, ഇരുപതിലധികം ഗോത്രസാരഥി പദ്ധതിയിലെ വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ ഏർപ്പെടുത്തിയാണ് നഗരസഭ വിദ്യാർത്ഥികളെ സ്‌കൂളിലെത്തിച്ചത്. വിദ്യാർത്ഥികൾക്കായി മാനന്തവാടി ഗാന്ധി പാർക്കിൽ ഹെൽപ്പ് ഡെസ്‌ക് ഒരുക്കിയിരുന്നു. വാഹനം ലഭിക്കാത്ത വിദ്യാർത്ഥികളുടെ കണക്ക് ശേഖരിച്ചിരുന്നു. ഈ വിദ്യാർത്ഥികളുടെ വാട്ട്‌സപ്പ് കൂട്ടായ്മകളും രൂപീകരിച്ചാണ് വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കാൻ മുൻകൈയെടുത്തത്. മാനന്തവാടി നഗരസഭ കണ്ടെയ്‌മെന്റ് സോണായതിനാൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കയിലായിരുന്നു.