കൽപ്പറ്റ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന വാൾ എഴുന്നള്ളത്ത് ഇത്തവണ ചടങ്ങുകൾ മാത്രമാകും. ജൂൺ മൂന്നിനാണ് മുതിരേരി ശിവക്ഷേത്രത്തിൽ നിന്ന് വാൾ എഴുന്നള്ളത്ത് നടക്കേണ്ടത്. വാൾ പുറപ്പെടുന്ന ചടങ്ങിൽ ദേശവാസികൾ ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുക്കാറുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ മുതിരേരി ശിവക്ഷേത്രത്തിൽ രണ്ടുപേർക്ക് മാത്രമാണ് പ്രവേശനം. ചടങ്ങുകൾക്ക് ശേഷം ക്ഷേത്രം മേൽശാന്തി കൊട്ടിയൂരിലേക്കുളള വാൾ സുരേഷ് നമ്പൂതിരിക്ക് നൽകും. ഇദ്ദേഹമായിരിക്കും കൊട്ടിയൂരിലേക്ക് വാൾ എഴുന്നളളിക്കുക. കൊട്ടിയൂർ ഉത്സവവും ചടങ്ങുകളിൽ ഒതുങ്ങും. കൊവിഡ് നിർദ്ദേശം പാലിച്ച് നടക്കുന്ന ചടങ്ങായതിനാൽ ഭക്ത ജനങ്ങൾ സഹകരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.