കൽപ്പറ്റ: ഉള്ളവന്റെ വീട്ടിൽ നിന്ന് വന്ന് ഇല്ലാത്തവർക്കായി ശബ്ദമുയർത്തിയ നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാർ. ഇല്ലായ്‌മക്കാരുടെ ശബ്ദമാവുകയാണ് യഥാർത്ഥ രാഷ്ട്രീയമെന്ന് ഉറക്കെ പറഞ്ഞ സോഷ്യലിസ്റ്റ്. കൽപ്പറ്റ പുളിയാർമലയിൽ വീരേന്ദ്രകുമാറെത്തിയാൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജനപ്രവാഹമാണ്.
വരുന്നവരിൽ കുറച്ച് പേരേ തന്റെ പ്രസ്ഥാനത്തെ പ്രസ്താനത്തിലുള്ളൂ എന്ന് വീരേന്ദ്രകുമാറിന് അറിയാം. എങ്കിലും എല്ലാവരുടെയും സങ്കടങ്ങൾ കേൾക്കും. പുളിയാർമലയിലെ ആ വലിയ വീട്ടിലേക്ക് ധൈര്യമായി ചെല്ലാൻ ആരും ഭയക്കും. വീട് വലുതാണെങ്കിലും അവിടെയുള്ള സ്നേഹത്തിന്റെ തലോടൻ കിട്ടാത്ത വയനാട്ടുകാർ ചുരുക്കം.
മുതുമുത്തച്ഛനും അച്ഛനുമെല്ലാം പാവങ്ങളെ സഹായിച്ചവർ. വയനാടിന്റെ ശില്പ്പിയെന്നാണ് ഇളയച്ഛൻ എം.കെ. ജിനചന്ദ്രനെ വിശേഷിപ്പിച്ചത്. വയനാട്ടുകാർക്ക് അത്രക്കും വേണ്ടപ്പെട്ടവർ. അച്ഛൻ ജന പ്രതിനിധിയും കറകളഞ്ഞ സോഷ്യലിസ്റ്റുമായിരുന്നു. സ്നേഹിക്കാനാണ് ഇവരെല്ലാം വീരേന്ദ്രകുമാറിനെ പഠിപ്പിച്ചത്. അത് കൈമോശം വരാതെ വീരേന്ദ്രകുമാർ കാത്ത് സൂക്ഷിച്ചു.
ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, 'ഏറെ പ്രതീക്ഷയോടെ വീട്ടിലേക്ക് വരുന്നവർ സന്തോഷത്തോടെ ഇറങ്ങിപ്പോകുന്നത് കാണുമ്പോൾ മനസ് നിറയും. ഇതിൽക്കവിഞ്ഞൊരു സന്തോഷം എവിടെ നിന്നാണ് കിട്ടുക".
മന്ത്രിയായും എം.പിയായും എം.എൽ.എയായും ചുരംകയറി വരുന്ന വീരേന്ദ്രകുമാർ കാറ് നിർത്തി പരിചയക്കാരോട് കുശലാന്വേഷണം നടത്തുന്നത് വയനാട്ടിലെ പതിവ് കാഴ്ചയായിരുന്നു. ആ ഓർമ്മയാണ് വയനാട്ടുകാരുടെ മനസ്.