കൽപ്പറ്റ: വയനാടിന്റെ സ്വന്തം സർവ വിജ്ഞാന കോശമായിരുന്നു മണിയങ്കോട് പത്മപ്രഭാ വീരേന്ദ്രകുമാർ. പരന്ന വായനയും എഴുത്തും യാത്രയും മുഖമുദ്രയാക്കിയ സോഷ്യലിസ്റ്റ്. കേൾവിക്കാരെ പിടിച്ചിരുത്തുന്ന മാന്ത്രികനായ പ്രാസംഗികൻ. വീരേന്ദ്രകുമാർ പ്രഭാഷണം തുടങ്ങിയാൽ ജനം അതിലേക്കലിയും.
വയനാട്ടുകാരനായതിനാൽ പ്രകൃതിയെ അടുത്തറിഞ്ഞ വീരേന്ദ്രകുമാറിന് കാടും പുഴകളുമെല്ലാം ജീവിതത്തത്തിന്റെ ഭാഗമായിരുന്നു. മണ്ണും വെള്ളവും മലിനമാക്കുന്നത് എതിർക്കണമെന്നും കുടിവെള്ളത്തിനായി ജനം അലയുന്ന ഘട്ടം വരുമെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. ആദിവാസി ജില്ലയായ വയനാട്ടിലെ കാടിന്റെ മക്കൾക്കായി ശബ്ദമുയർത്തിയിരുന്നത് വീരേന്ദ്രകുമാറായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ എം.പിമാരുടെ വീഡിയോ കോൺഫറൻസിൽ അദ്ദേഹം സജീവമായിരുന്നു. ആദിവാസികളിൽ രോഗം പടരാതിരിക്കാൻ കാര്യമായ ഇടപെടലുകൾ വേണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ഒടുവിലത്തെ പൊതുപരിപാടിയും ഇതായിരുന്നു.
കാപ്പി കർഷകനായ വീരേന്ദ്രകുമാർ കർഷകരുടെ ക്ഷേമത്തിനായും പോരാടിയിരുന്നു. കാപ്പിക്കുള്ള സ്വതന്ത്ര വിപണിക്കായി 1990 കളിൽ നടത്തിയ ഐസിഹാസികമായ സമരം വിസ്‌മരിക്കാനാകില്ല. കോഫി ബോർഡിന്റെ ആസ്ഥാനമായ ബംഗളൂരുവിൽ നടത്തിയ സമരത്തിലും പങ്കെടുത്തു. ഇൗ ഇടപെടലുകൾ കാപ്പി കർഷകർക്ക് ഗുണമായി.
വയനാട്ടിലെ മരം മുറിയ്‌ക്കലിനെതിരെ പരിസ്ഥിതിവാദികളെ അണി നിരത്തി സംഘടന രൂപീകരിച്ചതും വീരേന്ദ്രകുമാറായിരുന്നു. വയനാട് പ്രകൃതി സംരക്ഷണ സമിതി രൂപീകരിച്ചതും അങ്ങനെയാണ്.