കൽപ്പറ്റ:വാട്ട് യു വാണ്ട് ബോയ്? ചോദ്യം സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റേതാണ്.യാതൊരു ശങ്കയും ഇല്ലാതെ ആ കൊച്ച് പയ്യൻ ഉരുളക്ക് ഉപ്പേരിയെന്ന വണ്ണം മറുപടി പറഞ്ഞു.ഐ വാണ്ട് എ മെമ്പർഷിപ്പ്.ജയപ്രകാശ് നാരായണന് വളരെ സന്തോഷമായി. അങ്ങനെ ആ പയ്യൻ സോഷ്യലിസ്റ്റായി.അതും നന്നേചെറുപ്പത്തിൽ. അന്ന് ജയപ്രകാശ് നാരായണന്റെ പക്കൽ നിന്ന് മെമ്പർ ഷിപ്പ് വാങ്ങിയ ആ സ്കൂൾ വിദ്യാർത്ഥിയുടെ പേര് എം.പി.വീരേന്ദ്രകുമാർ.
അന്ന് ലഭിച്ച ആ അംഗത്വത്തിന്റെ മഹത്വം ഉൗട്ടി ഉറപ്പിക്കുന്നത് പോലെ മരണംവരെ അദ്ദേഹം തികഞ്ഞ സോഷ്യലിസ്റ്റായിരുന്നു.ഇടത് പക്ഷത്തെയും അതിന്റെ നേതാക്കളെയും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു വർഷക്കാലം തടവുകാരനായിരുന്നു വീരേന്ദ്രകുമാർ. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.വി.രാഘവൻ, ഇമ്പിച്ചിബാവ എന്നിവരൊക്കെ അന്ന് സെല്ലിൽ വീരേന്ദ്രകുമാറിനൊപ്പം ഉണ്ടായിരുന്നു.