veerendrakumar

കൽപ്പറ്റ:രാഷ്‌ട്രീയ നേതാവ്,​ പാർലമെന്റേറിയൻ,​ പ്രഭാഷകൻ,​ എഴുത്തുകാരൻ,​ പരിസ്ഥിതി സംരക്ഷകൻ,​ തത്വചിന്തകൻ,​ സഞ്ചാരി, ​മാതൃഭൂമി മാനേജിംഗ് ഡയറക്ടർ തുടങ്ങി നിരവധി മേഖലകളിൽ പ്രതിഭയുടെ കൈയൊപ്പ് ചാർത്തിയ എം.പി.വീരേന്ദ്രകുമാർ എം.പിക്ക് (84) വിട.

വയനാട്ടിലെ ചരിത്ര പ്രസിദ്ധമായ പുളിയാർമലയിലെ കുടുംബ ശ്‌മശാനത്തിൽ അദ്ദേഹത്തിന്റെ ഭൗതികദേഹം പൂർണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്നലെ വൈകിട്ട് 5.06ന് മകൻ എം. വി ശ്രേയാംസ് കുമാർ ചിതയ്‌ക്ക് തീ കൊളുത്തി. സോഷ്യലിസ്റ്റ്,​ മതേതര മൂല്യങ്ങൾക്കായി എക്കാലവും നിലകൊണ്ട എം.പി.വീരേന്ദ്രകുമാർ ഇനി ജ്വലിക്കുന്ന ഒാർമ്മ.

ജൈനമതാചാരപ്രകാരമായിരുന്നു അന്ത്യകർമ്മങ്ങൾ. കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം നടന്ന സംസ്‌കാരത്തിൽ ഇരുപതോളം പേർ മാത്രമാണ് പങ്കെടുത്തത്.

വ്യാഴാഴ്‌ച രാത്രി 11.30ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലം അന്തരിച്ച വീരേന്ദ്രകുമാറിന്റെ ഭൗതിക ദേഹം ആ രാത്രി തന്നെ കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ എത്തിച്ചിരുന്നു. ഇന്നലെ രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോയി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ, മകനും മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ എം.വി.ശ്രേയാംസ് കുമാർ എന്നിവരും ബന്ധുക്കളും സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി കെ.കൃഷ്ണൻകുട്ടിയും മൃതദേഹത്തെ അനുഗമിച്ചു. ഉച്ചക്ക് ഒരു മണിക്ക് പുളിയാർമലയിലെ വസതിയിൽ എത്തിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എയും വയനാട്ടിലെ മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ,​ സാമൂഹിക,​ സാംസ്‌ക്കാരിക പ്രമുഖരും ഉൾപ്പെടെ സാമൂഹിക അകലം പാലിച്ച് വസതിയിൽ ഉണ്ടായിരുന്നു. ഗവർണർക്കും ജില്ലാഭരണകൂടത്തിനും വേണ്ടി കളക്ടർ ഡോ. അദീല അബ്ദുള്ള ഭൗതിക ദേഹത്തിൽ പുഷ്‌പചക്രം സമർപ്പിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ നിബന്ധനകൾ പാലിച്ച് ഒരു മണിക്ക് ആരംഭിച്ച പൊതുദർശനം വൈകിട്ട് നാല് മണിയോടെ അവസാനിച്ചു. തുടർന്ന് പൊലീസ് ആദരവ് അർപ്പിച്ചു. നാലരയോടെ പുറത്തേക്കെടുത്ത ഭൗതിക ദേഹം മുളയിൽ കെട്ടിയ മഞ്ചത്തിൽ തൊട്ടടുത്ത കുടുംബ ശ്‌മശാനത്തിലേക്ക് കൊണ്ടുപോയി. 'ഗയ...ഗയ...'എന്ന മന്ത്രോച്ചാരണങ്ങളുമായാണ് ബന്ധുക്കളും മറ്റും മൃതദേഹവുമായി ശ്‌മശാനത്തിലേക്ക് പുറപ്പെട്ടത്. 4.48ന് മൃതദേഹം ചിതയിൽ വച്ചു. പൊലീസ് പൂർണ ഒൗദ്യോഗിക ബഹുമതി അർപ്പിച്ചു. തുടർന്ന് മകൻ എം.വി.ശ്രേയാംസ് കുമാർ അന്ത്യ കർമ്മങ്ങൾ ചെയ്‌തു.

സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ.കൃഷ്ണൻ കുട്ടി, എ.കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വേണ്ടി വയനാട് മുൻ ഡി.സി.സി പ്രസിഡന്റ് കെ.എൽ.പൗലോസ് പുഷ്പചക്രം സമർപ്പിച്ചു.