മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രം മേൽശാന്തി കുഞ്ഞിക്കല്ല് വരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരിയുടെ വീട്ടിൽ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് പവനോളം സ്വർണ്ണാഭരണവും, 60,000 രൂപയും കളവ് പോയതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്. വീട്ടുകാർ സമീപത്തെ തറവാട് വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. രാവിലെ വീട്ടിലെത്തിയപ്പോൾ മുൻവാതിൽ പൂട്ട് പൊളിഞ്ഞ അവസ്ഥയിൽ കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ അടുക്കള ഭാഗത്തായി സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണവും മോഷണം പോയതായി മനസ്സിലാകുകയായിരുന്നു.

മാനന്തവാടി പൊലീസ് ഇൻസ്‌പെകർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് സി.ഐ അബ്ദുൾ കരീം പറഞ്ഞു.