കൽപ്പറ്റ: വീരേന്ദ്രകുമാർ ലോകത്ത് എവിടെ പോയാലും വയനാട്ടുകാരോട് പ്രത്യേക സ്നേഹവും കരുതലും കാണിച്ചിരുന്നു. രാഷ്ടീയത്തിന് അതീതമായിരുന്നു ആ സ്നേഹവും കരുതലും. താൻ വരുന്നത് വയനാട്ടിൽ നിന്നാണെന്ന് നെഞ്ചുയർത്തി പറയാൻ എന്നും വീരേന്ദ്രകുമാർ ആവേശം കാണിക്കുകയും ചെയ്തു. സാധാരണക്കാരോട് എന്നും ഒരു പ്രത്യേക സ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നു.
വികസനപരമായി പിന്നാക്കം നിൽക്കുന്ന വയനാട് ഒരു ജില്ലയാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.അതിന് വേണ്ടിശബ്ദമുയർത്തി. ഒടുവിൽ 1980ൽ അധികാരത്തിൽ വന്ന നായനാർ സർക്കാർ വയനാട് ജില്ലയ്ക്ക് രൂപം നൽകി.വയനാടിന്റെ ആസ്ഥാനത്തിന് വേണ്ടി ജില്ലയിൽ തർക്കം ആരംഭിച്ചു.എന്നാൽ എല്ലാവിധ സൗകര്യങ്ങളും അദ്ദേഹം കൽപ്പറ്റയിൽ ചെയ്ത് കൊടുക്കാൻ തയ്യാറായി.കൽപ്പറ്റ പുളിയാർമലയിലെ അനന്തകൃഷ്ണപുരം ജെയിൻ ബോർഡിംഗ് ട്രസ്റ്റിന്റെ കൃഷ്ണഗൗഡർ ഹാൾ ജില്ലാ കളക്ടറേറ്റായി പ്രവർത്തിക്കാൻ വിട്ട് കൊടുക്കുന്നത് വീരേന്ദ്രകുുമാറിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ്.
വയനാട്ടിലെ വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകൾ വീരേന്ദ്രകുമാറിന്റെതായിട്ടുണ്ട്. കൽപ്പറ്റ ഗവ. കോളേജും, കൃഷ്ണ മോഹൻ ഐ.ടി. ഐയും വീരേന്ദ്രകുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ആരംഭിക്കുന്നത്.
വയനാട്ടിലെ കാപ്പി കർഷകരുടെ പ്രശ്നങ്ങൾക്ക് വേണ്ടി അദ്ദേഹം ഏറെ ശബ്ദിച്ചു.അതേ പോലെ എടക്കൽ ഗുഹയുടെ സംരക്ഷണത്തിന് വേണ്ടിയും വീരേന്ദ്രകുമാർ ശബ്ദിച്ചു.വയനാട്ടിൽ വൻ തോതിൽ മരം മുറി ആരംഭിച്ചപ്പോൾ അതിനെതിരെ ശബ്ദിക്കുക മാത്രമല്ല പ്രകൃതി സ്നേഹികളെ വിളിച്ച് വരുത്തി സംഘടന രൂപീകരിച്ചു. സുൽത്താൻ ബത്തേരിയിൽ വച്ചായിരുന്നു ആ യോഗം നടന്നത്. വയനാട്ടിൽ പ്രകൃതി സംരക്ഷണ സമിതി വീരേന്ദ്രകുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഏറെ സജീവമാകുന്നതും.
കൊവിഡ് പടർന്ന് പിടച്ചപ്പോൾ അത് ആദിവാസികളിലേക്ക് പടരാതിരിക്കാൻ വേണ്ടത് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫ്രറൻസിൽ അദ്ദേഹം ആവശ്യപ്പെട്ടു. എം.പി.മാരുടെ വീഡിയോ കോൺഫ്രറൻസിൽ വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ അവതരിച്ചതിന് മുഖ്യമന്ത്രി വീരേന്ദ്രകുമാറിനെ പ്രത്യേകം പരാമർശിക്കുകയും ചെയ്തു.