prasoon
ഡോ: പ്രസൂൺ

ഇന്ന് ലോക ക്ഷീര ദിനം

കൽപ്പറ്റ: ഉന്നതപഠനവും ഗവേഷണവുമെല്ലാം വാസ്തുകലയിൽ. പക്ഷേ, ഡോ. പ്രസൂൺ ക്ഷീര കർഷകനെന്ന നിലയിലും ഏറെ പ്രാവീണ്യം കൈവരിച്ച് ഖ്യാതി നേടിയിരിക്കുകയാണ്.

കാർഷിക മേഖലയിലെ പുതുനാമമായ അഗ്രിപ്രണർ അഥവാ കാർഷിക സംരംഭകൻ എന്ന നിലയിൽ ഏറെ മുന്നേറിക്കഴിഞ്ഞു പനമരം അമ്പലക്കര ഡോ. പ്രസൂൺ പൂതേരി. അനുഭവസമ്പത്തുള്ള ഇദ്ദേഹത്തിൽ നിന്നു കാര്യങ്ങൾ അറിയാൻ പലരും എത്താറുണ്ട്. കൃഷിയധിഷ്ഠിത സംരംഭത്തിലൂടെ വരുമാനവും ലാഭവും അതിലൂടെ നാടിന്റെ വികസനവുമെന്ന സ്വപ്നമാണ് ഡോ. പ്രസൂണിന്റേത്. ക്ഷീരമേഖലയെ ശരിയായി പ്രയോജനപ്പെടുത്തിയാൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട് ഇദ്ദേഹത്തിന്.

പരമ്പരാഗത കർഷക കുടുംബാംഗമെന്ന നിലയിൽ തന്നെ ചെറുപ്പത്തിലേ കൃഷിയിൽ താത്പര്യമുണ്ട്. മോഹനൻ പൂതേരി - പ്രീത ദമ്പതികളുടെ മകന്റെ പഠനം കൂടുതലായും വാസ്തുകലയിലായിരുന്നുവെന്നു മാത്രം. കേരളത്തിലെ നാലുകെട്ടുകളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിനായിരുന്നു ഡോക്ടറേറ്റ്. പഠനകാലത്തും മനസ്സിൽ നിന്നു കൃഷി മാഞ്ഞുപോയില്ല.

വൈകാതെ കൃഷിയിലേക്ക് തന്നെ തിരിഞ്ഞു. വർഷങ്ങളായി ഡയറി ഫാം നടത്തിവരികയാണ് ഡോ. പ്രസൂൺ. സ്വന്തമായുള്ള അഞ്ചേക്കർ സ്ഥലത്തും പാട്ടത്തിനെടുത്ത പത്ത് ഏക്കർ സ്ഥലത്തുമായാണ് ഫാം. അച്ഛന്റെ കാലം മുതൽ പശുവളർത്തലും മറ്റുമുണ്ടെങ്കിലും താൻ ഈ മേഖലയിലേക്ക് കടന്നുവന്നിട്ട് പത്തു വർഷമാവുന്നതേയുള്ളൂവെന്ന് ഡോ.പ്രസൂൺ പറയുന്നു. എച്ച്.എഫ്, ജേഴ്‌സി ഇനങ്ങളിൽപെട്ട 34 പശുക്കളുണ്ട് ഇപ്പോൾ ഫാമിൽ. ഇവയ്ക്കായി ഇവിടെ പുൽകൃഷിയും നടത്തുന്നുണ്ട്.

പ്രസവിച്ച് മൂന്ന് മാസം കഴിയുമ്പോൾ കിടാരികളെ കർണാടകയിലെ കർഷകർക്ക് വളർത്താൻ നൽകും. ഏതാണ്ട് ഒരു വർഷം കഴിയുമ്പോൾ ഇവയെ വയനാട്ടിലെ ഫാമിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരും. നേപ്പാളികളായ നാലു തൊഴിലാളികളും നാട്ടുകാരനായ ഒരു സൂപ്പർവൈസറും സ്ഥിരമായി പശുപരിപാലന രംഗത്തുണ്ട്. തീറ്റ, പശുക്കളെ കുളിപ്പിക്കൽ, കറവ, സൊസൈറ്റിയിൽ പാൽ എത്തിക്കൽ എന്നിവയെല്ലാം ഇവർ ശ്രദ്ധിച്ചോളും. ദിവസം ശരാശരി അഞ്ഞൂറ് ലിറ്റർ പാൽ കിട്ടുന്നുണ്ട്.

സാധാരണ പശുക്കൾക്ക് നൽകുന്ന പുല്ലും തീറ്റയും കൂടാതെ ചോളം മുളപ്പിച്ചും കൊടുക്കുന്നു. തൊഴിലാളികൾക്കും വീട്ടിലേക്കും പാചകത്തിനാവശ്യമായ മുഴുവൻ ഇന്ധനവും ബയോഗ്യാസ് പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കുകയാണ്. ചാണകവും ബയോഗ്യാസ് പ്ലാന്റിൽ നിന്ന് പുറത്തുവരുന്ന സ്ലറിയും പുൽകൃഷിക്കും മറ്റു കൃഷികൾക്കും വളമായി ഉപയോഗിക്കുന്നു. വൈകാതെ ഫാമിൽ പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ആലോചനയിലാണ്.

ഗുണമേന്മയും ശുദ്ധിയുമുള്ള പാൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്നത് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വസുധ (വയനാട് സൂപ്രീം ഡയറി കമ്പനി) എന്ന പേരിൽ സംരംഭം ആരംഭിച്ചിട്ടുണ്ട്. മറ്റ് സംരംഭകരിൽ നിന്നും ഡയറി ഫാമുകളിൽ നിന്നും കൂടി പാൽ ശേഖരിച്ച് വസുധയുടെ പേരിൽ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. പാൽ കൂടാതെ തൈര്, നെയ്യ് എന്നിവയും ആവശ്യക്കാർക്ക് എത്തിച്ചുനൽകും. ഇതിനായി പ്ലാന്റ് സജ്ജീകരിച്ചുകഴിഞ്ഞു. പള്ളിക്കുന്നിലെ പ്ലാന്റിൽ മണിക്കൂറിൽ അഞ്ഞൂറ് ലിറ്റർ പാൽ സംസ്‌കരിക്കാൻ കഴിയും. ഡയറി ഫാം ഓണേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയാണ് ഡോ.പ്രസൂൺ പൂതേരി .