16 പേർ ചികിത്സയിൽ
നിരീക്ഷണത്തിൽ 3681 പേർ
കൽപ്പറ്റ: ജില്ലയിൽ മൂന്നു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വയനാട്ടുകാരുടെ എണ്ണം പത്തായി ഉയർന്നു. ആകെ 16 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
മേയ് 11ന് ചെന്നൈയിൽ നിന്ന് എത്തിയ ശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പുൽപ്പള്ളി സ്വദേശിയാ 19 കാരൻ, 26ന് കുവൈത്തിൽ നിന്ന് എത്തി കൽപ്പറ്റയിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവന്ന ബത്തേരി സ്വദേശിയായ 35- കാരി, നഞ്ചൻകോട് നിന്നെത്തിയ മുട്ടിൽ സ്വദേശിയായ 42 കാരൻ എന്നിവർക്കാണ് ഇന്നലെ കൊവിഡ് സ്വീകരിച്ചത്. ഇന്നലെ നിരീക്ഷണത്തിലായ 167 പേർ ഉൾപ്പെടെ നിലവിൽ 3681 പേർ നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്നു ഇതുവരെ പരിശോധനയ്ക്ക് അയച്ച 1823 പേരുടെ സ്രവ സാമ്പിളുകളിൽ 1561 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1534 പേരുടേതും നെഗറ്റീവാണ്. പോസിറ്റീവെന്നു കണ്ടെത്തിയത് 27 പേരുടേത്. 257 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കാനുണ്ട്.
സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നു ആകെ 1915 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ ഫലം ലഭിച്ച 1722 ൽ 1720 എണ്ണവും നെഗറ്റീവാണ്. 2 പോസിറ്റീവ് കേസും.
ജില്ലയിലെ 14 അതിർത്തി ചെക്ക് പോസ്റ്റുകളിൽ 1830 വാഹനങ്ങളിലായി എത്തിയ 3873 ആളുകളെ സ്‌ക്രീനിഗിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 1871 പേരെ ജില്ലാ കൊവിഡ് കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് വിളിച്ച് മാനസിക പിന്തുണ നൽകി. ആവശ്യമുള്ളവർക്ക് മരുന്ന് ഉറപ്പാക്കി.
നിരീക്ഷണത്തിലുള്ള 204 പേർക്ക് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഇന്നലെ കൗൺസലിംഗ് നൽകി.
പരിശോധനയ്ക്ക് അയച്ച സാമ്പിൾ 1823
ഫലം ലഭിച്ചത് 1561
നെഗറ്റീവായത് 1534
പോസിറ്റീവ് 27