 തിയേറ്റർ തൊഴിലാളികൾ ലോക്ക് ഡൗൺ ദുരിതത്തിൽ


ആലപ്പുഴ: ലോക്ക്ഡൗൺ മൂലം മാർച്ച് അവസാനം സിനിമാശാലകൾക്ക് പൂട്ട് വീണതോടെ നൂറു കണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായത്. സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള നാലെണ്ണം ഉൾപ്പെടെ ജില്ലയിൽ 22 കോംപ്ളക്സുകളിൽ 37 തിയേറ്ററുകളാണ് നിലവിലുള്ളത്. ആലപ്പുഴ, ചേർത്തല എന്നിവടങ്ങളിൽ ഒരു കോംപ്ളക്സിൽ രണ്ട് വീതം തീയേറ്ററുകൾ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്.

ഒരു തിയേറ്ററിൽ മിനിമം 10 തൊഴിലാളികൾ ഉണ്ടാകും. ചിലയിടത്ത് 15 വരെ തൊഴിലാളികളുണ്ട്. കൊവിഡിനെ തുടർന്ന് പഴുതടച്ചുള്ള മുന്നോരുക്കത്തിന്റെ ഭാഗമായിട്ടാണ് തിയേറ്ററുകൾ അടച്ചിട്ടത്. സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്റർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുമ്പോൾ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവസ്ഥയായി. സർക്കാർ എല്ലാ വിഭാഗം തൊഴിലാളികൾക്കും 1000 രൂപ വീതം പ്രഖ്യാപിച്ചെങ്കിലും ക്ഷേമനിധി ബോർഡിൽ അംഗമല്ലാത്തതിനാൽ തിയേറ്റർ തൊഴിലാളികൾക്ക് അതും കിട്ടിയില്ല. സഹായത്തിന് ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് തൊഴിലാളികൾ. ഇവർക്കു വേണ്ടി ശബ്ദിക്കാൻ രാഷ്ട്രീയ പാർട്ടികളുമില്ല.

തൊഴിലാളികളെപ്പോലെ തന്നെ ഉടമകളും ദുരിതത്തിലാണ്. വൈദ്യുതി ചാർജ്ജ്, കെട്ടിട നികുതി, തൊഴിൽ നികുതി ഉൾപ്പെടെയുള്ള ഇനങ്ങൾ എങ്ങനെ വീട്ടുമെന്നതാണ് അവരുടെ ചിന്ത. ചില ഉടമകൾ ജീവനക്കാർക്ക് പകുതി ശമ്പളം നൽകിയിരുന്നു. മോർണിംഗ് ഷോ മുതൽ സെക്കൻഡ് ഷോ അവസാനിക്കുന്ന സമയം വരെയാണ് ജോലി. ഓപ്പറേറ്റർമാർക്ക് ആഴ്ചയിലെ അവധി പോലും പാടായിരുന്നു. പ്രൊജക്ടർ ഓപ്പറേറ്റ് ചെയ്യാൻ പരിചയമുള്ളവർ ഇല്ലാത്തതാണ് കാരണം.

...............................

 ജില്ലയിലെ തിയേറ്ററുകൾ: 37

 ആകെ തൊഴിലാളികൾ: 475

 വരുമാനം: 7000-15000

 തൊഴിൽ സമയം: രാവിലെ 9 മുതൽ രാത്രി 11.30വരെ

............................................

തൊഴിലാളികൾ

 മാനേജർ-2  ഓപ്പറേറ്റർ-2  ടിക്കറ്റ് വിതരണം-2  ചെക്കിംഗ്-2  ക്ളീനിംഗ്-2  ഇലക്ട്രിഷൻ-1  പോസ്റ്റർ പതിക്കൽ-2  സെക്യൂരിറ്റി-2