മാവേലിക്കര- മാവേലിക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന അഭയം പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരുന്നുകൾ കൈമാറി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.അബ്ദുൽ സലിമിൽ നിന്ന് അഭയം ഗവേർണിംഗ് ബോർഡ് അംഗം കോശി അലക്സ് മരുന്നുകൾ ഏറ്റുവാങ്ങി. അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.അജിത് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്.സവിത, ജില്ലാ കമ്മിറ്റി അംഗം സി.ജയകുമാർ, ഏരിയ നേതാക്കളായ റെഞ്ചി ഫിലിപ്പ്, അനില.പി.ജി, ഭരണിക്കാവ് സഹകരണ ബാങ്ക് സെക്രട്ടറി കെ.എസ്.ജയപ്രകാശ്, അഭയം പ്രവർത്തകൻ സിബി വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടര മാസമായി ജില്ലയിലെ കിടപ്പ് രോഗികൾക്ക് ആവശ്യമരുന്നുകൾ തെരഞ്ഞെടുക്കപ്പെട്ട പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റികൾ വഴി പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ വിതരണം ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തിൽ കായംകുളം കനിവ് പാലിയേറ്റീവ് സൊസൈറ്റിക്കാണ് മരുന്നുകൾ നൽകിയത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, നീതി, മാവേലി, കാരുണ്യ, ജൻ ഔഷധി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരും, മെഡിക്കൽ സ്റ്റോർ ഉടമകളും അടങ്ങുന്ന ജില്ലയിലെ അസോസിയേഷന്റെ അംഗങ്ങൾ വഴി സംഭരിക്കുന്ന മരുന്നുകളാണ് സൗജന്യമായാണ് രോഗികൾക്ക് എത്തിച്ച് നൽകുന്നത്.