ആലപ്പുഴ: ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനർ നിർമ്മിക്കാൻ 624.48 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.

ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴക്കാലത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ തുക അനുവദിച്ചത്. 10 മീറ്റർ ഗതാഗതത്തിനും നാലുമീറ്റർ നടപ്പാതയിലും തയ്യാറാക്കിയ പദ്ധതിയിൽ ചെറുതും വലുതുമായ 83 പാലങ്ങൾ, സർവീസ് റോഡ്, ഫ്ളൈഓവർ, കൽകെട്ടുകൾ തുടങ്ങിയവ ഉൾപ്പെട‌ുത്തിയിട്ടുണ്ട്. 172 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന വലിയഴീക്കൽ-അഴീക്കൽ പാലത്തിന്റെ നിർമ്മാണം പുരോഗിക്കുകയാണ്. മങ്കൊമ്പിലെ പാലങ്ങളുടെ നിർമ്മാണം പൂർത്തികരിച്ച് വൈകാതെ ഗതാഗതത്തിന് തുറന്നു കൊടുക്കും. കോലാഹലങ്ങൾ നടത്തി വികസന പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു. കളക്ടർ എ. അലക്സാണ്ടർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.