പുനർ നിർമ്മാണത്തിന് 624.48 കോടി
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡിനെ [24.14 കി.മീറ്റർ] പ്രളയത്തിൽ നിന്ന് രക്ഷിക്കാനാവും വിധം ഉയർത്തിപ്പണിയാൻ റീബിൽഡ് കേരള പദ്ധതിയിൽ നിന്ന് 624.48 കോടിയുടെ അനുമതി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെത്തുടർന്ന് മന്ത്രി ജി. സുധാകരൻ മുൻകൈയെടുത്താണ് പൊതുമരാമത്ത് വകുപ്പ് വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്.
മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതോടെ എ-സി റോഡിലെ ഗതാഗതം ഏത് കാലാവസ്ഥയിലും സുഗമമാകുന്നതിനൊപ്പം സൗന്ദര്യാത്മകവുമാകുമെന്നും ജി. സുധാകരൻ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിനു ശേഷം എ-സി റോഡിലൂടെ മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ജി. സുധാകരൻ സഞ്ചരിക്കവേ, മുഖ്യമന്ത്രിയാണ് പ്രളയാനന്തര എ-സി റോഡിന്റെ പുനർനിർമ്മാണത്തെപ്പറ്റി സംസാരിച്ചത്. 2018ലെ പ്രളയത്തിൽ റോഡിൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വെള്ളം കയറിയതിനാൽ രണ്ട് മാസത്തോളം ഗതാഗതം നിലച്ചിരുന്നു. പിന്നീട് 10 കോടി ചെലവാക്കി താഴ്ന്ന പ്രദേശങ്ങൾ മെച്ചപ്പെടുത്തി.
ആലപ്പുഴ, കോട്ടയം ജില്ലകളെ കരമാർഗ്ഗം ബന്ധിപ്പിക്കാൻ 1955ൽ കൈതവന മുതൽ പെരുന്ന വരെ നിർമ്മാണം നടത്തിയ കുട്ടനാട്ടിലെ ആദ്യ റോഡാണ് പിന്നീട് എ-സി റോഡായി മാറിയത്. 1957ൽ 11 പാലങ്ങളോടെ നിർമ്മാണം പൂർത്തിയാക്കി മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് റോഡ് ഭാഗികമായി തുറന്നുകൊടുത്തു. 1984ൽ മണിമലയാറ്റിൽ കിടങ്ങറ പാലം പൂർത്തീകരിച്ചു. 1987ൽ പമ്പയാറ്റിൽ നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾ കൂടി നിർമ്മിച്ച് മുഖ്യമന്ത്രി ഇ.കെ.നായനാർ ആണ് എ-സി റോഡ് നാടിന് സമർപ്പിച്ചത്. ഈ രണ്ടു പാലങ്ങളുടെ നിർമ്മാണത്തിൽ തച്ചടി പ്രഭാകരന്റെ പങ്കും ശ്രദ്ധേയമാണ്.
# നിർമ്മാണം മൂന്ന് വിധം
റിട്ട. പ്രൊഫസർ ഡോ. കെ.ബാലനെ ജിയോ ടെക്‌നിക്കൽ കൺസൾട്ടന്റായി നിയമിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നിശ്ചയിച്ചത്. പ്രളയത്തിലെ ഉയർന്ന ജലനിരപ്പ് അടിസ്ഥാനമാക്കി റോഡ് ഉയർത്താൻ 20 കി.മീറ്റിറിൽ മൂന്ന് തരത്തിലുള്ള നിർമ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്. ആദ്യത്തെ 2.9 കി.മീറ്റർ ബി.എം ആൻഡ് ബി.സി മാത്രം. രണ്ടാമത്തേത് 8.27 കി.മീറ്റർ ജിയോ ടെക്സ്റ്റയിൽസ് ലെയർ കൊടുത്ത് മെച്ചപ്പെടുത്തും. 9 കി.മീറ്റർ ഭാഗത്ത് ജിയോ ഗ്രിഡും കയർ ഭൂവസ്ത്രവും ഉപയോഗിക്കും.
# ഭാവിയിലെ എ-സി റോഡ്
വെള്ളപ്പൊക്കം അതിജീവിക്കും
10 മീറ്റർ കാര്യോജ് വേ
ഫ്ളൈ ഓവർ അഞ്ചെണ്ണം
9 ക്രോസ് വേ
കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലം വീതി കൂട്ടും
13 പാലങ്ങൾ പുതുക്കിപ്പണിയും
മുട്ടാർ പാലം പുനർനിർമ്മിക്കും
ചെറുതും വലുതുമായ കലുങ്കുകൾ 78
ഇരുവശത്തും നടപ്പാത നാലുമീറ്റർ
സോളാർ ലൈറ്റുകൾ, ബസ് ബേകൾ
.....................................
@ 1.27 കോടി: സർവ്വേ ചെലവ്
@ 1.78 കി.മീ: ഫ്ളൈ ഓവർ നീളം
@ 400 മീറ്റർ: ക്രോസ് വേ നീളം