ആകാംക്ഷയോടെ ഓൺലൈൻ പഠനത്തുടക്കം
ആലപ്പുഴ: കാത്തിരിപ്പിനൊടുവിൽ സ്കൂൾ പ്രവേശനോത്സവം പുതുമണങ്ങളൊന്നുമില്ലാതെ ടി.വി സ്ക്രീനിലേക്ക് ചുരുങ്ങിയപ്പോൾ പഠിതാക്കൾക്ക് ആകാംക്ഷയും ഒപ്പം അമ്പരപ്പും. സ്കൂളിലെ ആദ്യദിനം അദ്ധ്യാപകർ സ്നേഹമധുരം ചാലിച്ച് നൽകിയിരുന്ന ലഡുവില്ല, പല വർണ്ണ ബലൂണുകളില്ല. പുത്തൻ യൂണിഫോമും ബാഗും കുടയുമായി കൂട്ടുകാരെയും അദ്ധ്യാപകരെയും നിറഞ്ഞ ചിരിയോടെ, തെല്ലൊരു നാണത്തോടെ കണ്ടിരുന്ന പതിവിന് തത്കാലം വിടപറഞ്ഞുകൊണ്ടാണ് പുതിയൊരു പഠനത്തുടക്കത്തിന് ഇന്നലെ അരങ്ങുണർന്നത്.
രാവിലെ 8.30 ന് പ്ലസ് ടു ഇംഗ്ലീഷ് ക്ലാസോടെയാണ് കൊവിഡ് പശ്ചാത്തലത്തിൽ ഓൺ ലൈൻ അദ്ധ്യയനത്തിന് സംസ്ഥാനത്ത് ഔദ്യോഗിക തുടക്കമായത്. ലഘു വ്യായാമത്തോടെയാണ് ക്ലാസ് ആരംഭിച്ചത്. ഓരോ ക്ലാസിനും അര മണിക്കൂറാണ് ദൈർഘ്യം. 10.30 നാണ് ഒന്നാം ക്ലാസുകാരുടെ പഠനം ആരംഭിച്ചത്. കഥയും കളികളുമായി ക്ലാസ് മുന്നേറിയപ്പോൾ കുട്ടികളും ഹാപ്പി.
ആദ്യ ദിനത്തിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ക്ലാസുകളിൽ ഹാജരായിരുന്നു. ക്ലാസുകളുടെ വാട്സാപ് കൂട്ടായ്മകൾ വഴിയും ഫോൺ വിളിച്ചുമാണ് അദ്ധ്യാപകർ ഹാജർ രേഖപ്പെടുത്തുന്നത്. ടി.വി, ഫോൺ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് അടുത്ത വീടുകളിലിരുന്ന് ക്ലാസ് കാണുന്നതിനുള്ള സൗകര്യം അദ്ധ്യാപകർ ഇടപെട്ട് ക്രമീകരിച്ചിരുന്നു. ക്ലാസുകളിൽ നൽകുന്ന അസൈൻമെന്റുകൾ പൂർത്തിയാക്കി സ്വന്തം അദ്ധ്യാപകർക്ക് വാട്സാപ്പ് ചെയ്ത് കൊടുക്കണം. സംശയങ്ങൾ നേരിട്ട് ചോദിക്കാനാവുന്നില്ലെന്നതാണ് ഓൺലൈൻ ക്ലാസിന്റെ പ്രധാന ന്യൂനത. ക്ലാസിന് ശേഷം അദ്ധ്യാപകരെ വിളിച്ച് സംശയങ്ങൾ ആരായാം.
കഞ്ഞിക്കുഴി മാതൃക
ഫോൺ, ടി.വി സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ് കഞ്ഞിക്കുഴി പഞ്ചായത്ത്. നിർദ്ധനരായ 73 കുഞ്ഞുങ്ങൾക്കാണ് പഞ്ചായത്ത് ഫോൺ നൽകിയത്. സംസ്ഥാനത്ത് പല ഭാഗത്തും പുതിയ പഠിപ്പിക്കൽ കാണാൻ സൗകര്യങ്ങളില്ലാതെ കുട്ടികൾ ബുദ്ധിമുട്ടുമ്പോഴാണ് കഞ്ഞിക്കുഴിയുടെ വേറിട്ട മാതൃക
......................
കുട്ടികൾക്ക് മാത്രമല്ല അദ്ധ്യാപകർക്കും ഇത് പുതിയ അനുഭവമാണ്. എല്ലാ കുട്ടികളും ക്ലാസ് കാണുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. സൗകര്യങ്ങൾ ഇല്ലാത്തവർക്ക് അതിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്
ജയിംസ് ആന്റണി, അദ്ധ്യാപകൻ
................
ടി.വിയിലൂടെ ക്ലാസ് കേൾക്കാൻ രസമുണ്ട്. കൂട്ടുകാരെയും ടീച്ചർമാരെയും കാണാൻ പറ്റാത്ത വിഷമമേയുള്ളൂ
( സാന്ദ്ര സുനിൽ, ആറാം ക്ലാസ് വിദ്യാർത്ഥിനി)
..............................................
പരമാവധി പേരും ക്ളാസിൽ
ജില്ലയിൽ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ 1.97 ലക്ഷം കുട്ടികളാണുള്ളത്. ഇതിൽ 4246 പേർക്ക് ഇന്റർനെറ്റ്, ടി.വി, സ്മാർട്ട് ഫോൺ സംവിധാനങ്ങളില്ല. എന്നാൽ പരമാവധി കുട്ടികളും പല വിധേന ക്ലാസുകളിൽ പങ്കുചേർന്നു. തത്സമയം ക്ലാസുകളിൽ പങ്കെടുക്കാനാകാത്തവർക്ക് ക്ലാസ് കഴിഞ്ഞാലുടൻ തന്നെ യൂ ട്യൂബിൽ ക്ളാസ് ലഭ്യമാകുമായിരുന്നു