photo

ആലപ്പുഴ: ആട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയായ കായംകുളത്തെ അദ്ധ്വാന വിഹിത ജീവകാരുണ്യ ട്രസ്റ്റിന്റെ പ്രവർത്തകർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റഴിച്ച 7110 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 1700 രൂപ വരുന്ന ഭക്ഷ്യധാന്യ കിറ്റ് 45 കുടുംബങ്ങൾക്ക് കൈമാറിയ ശേഷമുണ്ടായിരുന്ന തുകയാണ് ഇന്നലെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ജി. സുധാകരന് കൈമാറിയത്.

കഴിഞ്ഞ രണ്ട് മാസം കൊണ്ടാണ് കൂട്ടായ്മയിലെ അംഗങ്ങൾ ആക്രി സാധനങ്ങൾ ശേഖരിച്ചത്. ഭിന്നശേഷിക്കാരനായ ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മകുമാർ, ഭിന്നശേഷിക്കാരൻ കൂടിയായ എട്ടുവയസുള്ള മകൻ യദുനാരായണന് കൊവിഡ് കാലത്ത് ലഭിച്ച പെൻഷനും ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ട്രസ്റ്റിന് ലഭിച്ച ഗുരു നിത്യചൈതന്യ യതി പുരസ്കാര തുകയായ 25,000 രൂപ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

ട്രസ്റ്റ് രക്ഷാധികാരിയും മാവേലിക്കര ജോ.ആർ.ടി.ഒയുമായ എം.ജി.മനോജ്, പ്രസിഡന്റ് ബ്രഹ്മകുമാർ, സെക്രട്ടറി നിസാം സാഗർ, ട്രഷറർ ഷിജാർ മുഹമ്മദ് കുഞ്ഞ്, വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ഇന്നലെ തുക മന്ത്രിക്ക് കൈമാറിയത്.