ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ വടക്കുഭാഗത്തു നിന്ന് ഡ്രഡ്ജ് ചെയ്ത ചെളി കലർന്ന മണ്ണ് നീക്കം ചെയ്യാൻ തീരുമാനമായി. മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ ചേർന്ന വകുപ്പു മേധാവികളുടെ യോഗത്തിലാണ് തീരുമാനം . നീക്കം ചെയ്യുന്ന ചെളി പുറക്കാട് പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്ന ഗ്രൗണ്ടിൽ നിക്ഷേപിക്കും. തോട്ടപ്പള്ളി സ്പിൽവേ മുതൽ പൊഴി വരെയുള്ള ഭാഗം ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യാൻ കരാർ ലഭിച്ച കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിനാണ് ചെളി നീക്കാനുമുള്ള ചുമതല.
പൊഴിയിൽ നിന്ന് ഡ്രഡ്ജ് ചെയ്‌തെടുക്കുന്ന മണ്ണിൽ ധാതുമണൽ വേർതിരിച്ച് ലഭിക്കുന്ന ബാക്കി മണ്ണ് കെ.എം.എം.എല്ലിന്റെ യാർഡിൽ സൂക്ഷിച്ചിട്ടുണ്ട്. മണ്ണ് ചെല്ലാനത്ത് ജിയോ ട്യൂബിൽ നിറച്ച്, കടൽഭിത്തി നിർമാണത്തിന് ഉപയോഗിക്കാനായി നല്കാമെന്ന് യോഗം തീരുമാനിച്ചു. ജില്ലയിൽ ജിയോ ട്യൂബ് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കുന്ന അവസരത്തിലും ഈ മണ്ണ് ഉപയോഗിക്കാവുന്നതാണ്.
പൊഴിമുഖത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നീരൊഴുക്കിന് തടസമായി നിന്ന കാറ്റാടി മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. ഈ തടി നീക്കംചെയ്യാൻ സോഷ്യൽ ഫോറസ്ട്രി, ഐ.ആർ.ഇ.എൽ, ഇറിഗേഷൻ വകുപ്പുകളെ ഏൽപ്പിച്ചു.