ചേർത്തല: തണ്ണീർമുക്കത്ത് കൊവിഡ് ബാധിതൻ ഉണ്ടാക്കിയ ആശങ്കകളെ അതിജീവിച്ച് പഞ്ചായത്ത് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. രാജസ്ഥാനിൽ നിന്നെത്തിയ സ്‌കൂൾകവല സ്വ
ദേശിയായ രോഗബാധിതൻ മാർക്കറ്റിലും തൊട്ടടുത്ത് കടകളിലും സന്ദർശിച്ചത് ഗ്രാമവാസികളിൽ ആശങ്ക ഉയർത്തിയിരുന്നു.
സന്ദർശിച്ച സ്ഥലങ്ങളിലെ സ്ഥാപനങ്ങൾ അടപ്പിച്ചതോടൊപ്പം ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ ഗൃഹനിരീക്ഷണത്തിലാക്കി. മാർക്കറ്റിലും അനുബന്ധസ്ഥലങ്ങളിലും അണുവിമുക്തമാക്കുന്നതിന് തീവ്ര പ്രവർത്തനമാണ് സംഘടിപ്പിച്ചത്. നിലവിൽ 23 പ്രവാസി മലയാളികൾ വാരനാട് കളവാണി ടൂറിസ്റ്റ് ഹോമിലും 35 പേർ ഗൃഹനിരീക്ഷണത്തിലും കഴിയുന്ന പഞ്ചായത്താണ് തണ്ണീർമുക്കം. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ആയുർവേദ വകുപ്പും അഗ്‌നിശമന സേനയും സംയുക്തമായി പഞ്ചായത്തിലെ ആർ.ആർ.ടിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി. ഡോക്ടർമാരുടെ നേതൃത്വത്തിലുളള സംഘം മുഴുവൻ വീടുകളിലും കയറി ബോധവത്കരണവും ആയുർവേദ പ്രതിരോധ മരുന്നുകളോടൊപ്പം വൈകുന്നേരം പുകയ്ക്കുന്ന അപരാജിത ചൂർണ്ണം,ധൂമം എന്നിവയുടെ വിതരണവും നടത്തി.
യൂത്ത് വോളണ്ടിയേസിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിതന്റെ വീട്ടിലും പരിസര വീടുകളിലും കയറി അണുവിമുക്ത സ്‌പ്രേയിംഗ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസിന്റെ നേതൃത്വത്തിൽ സുധർമ്മ സന്തോഷ്, ബിനിത മനോജ്, ജോബിൻ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ, എച്ച്.ഐമാരായ സോണി, തോമസ് എന്നിവരുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം പല ബാച്ചുകളായി വീടും പരിസരവും കയറി ബോധവത്കരണവും ലഘുലേഖകൾ വിതരണവും ചെയ്തു. ജനങ്ങൾ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് അഭ്യർത്ഥിച്ചു.