ആലപ്പുഴ: ഇരവുകാട് 'തളിർ' ജൈവ കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജൈവ കൃഷിയുടെയും വിഷവിമുക്ത പച്ചക്കറിയുടെയും പ്രചാരണത്തിനായി ജൈവ പച്ചക്കറി വണ്ടി വീട്ടുമുറ്റത്തേക്ക്. ലോക്ക് ഡൗൺ പ്രമാണിച്ച് മുടങ്ങിയിരുന്ന പ്രതിമാസ ജൈവ പച്ചക്കറി ചന്ത പുനരാരംഭിക്കുകയും ചെയ്തു.

നേരത്തെ നടത്തിയിരുന്ന നാട്ടുചന്തയുടെ തുടർച്ചയെന്നോണമാണ് പച്ചക്കറി വണ്ടി. രാവിലെ മുതൽ കർഷകർ ഏൽപ്പിക്കുന്ന പച്ചക്കറികളുടെ വിൽക്കലും വാങ്ങലും മാത്രമല്ല വണ്ടിയിൽ നടക്കുന്നത്. ജൈവ പച്ചക്കറി വ്യാപനത്തിനായി പച്ചക്കറി വിത്തുകൾ സൗജന്യമായും തൈകൾ കുറഞ്ഞ വിലയ്ക്കും നൽകുന്നുണ്ട്. ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്‌കൂളിൽ നിന്നാണ് വണ്ടിയുടെ യാത്ര ആരംഭിച്ചത്. വെണ്ട, പയർ, വഴുതന, കോവൽ, കാന്താരി, മാങ്ങാ ഇഞ്ചി, വാളൻപുളി, പച്ചമഞ്ഞൾ മുതൽ നാടൻ കോഴിമുട്ടയും ഗപ്പി വളർത്തു മത്സ്യവും ഒക്കെയുണ്ടായിരുന്നു കൂട്ടത്തിൽ. ഇരവുകാട് കൗൺസിലറും തളിർ രക്ഷാധികാരിയുമായ ഇന്ദു വിനോദ്, പ്രസിഡന്റ് എസ്.പ്രദീപ്, ട്രഷറർ പി.രാധാകൃഷ്ണൻ,എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വിനയചന്ദ്രൻ, ടി.ആർ.ഓമനക്കുട്ടൻ, സി.ടി ഷാജി, വിനീഷ്, രഘുനാഥൻ എന്നിവർ ജൈവ പച്ചക്കറി വിപണിക്ക് നേതൃത്വം നൽകി.