ആലപ്പുഴ: ചേർത്തല മായിത്തറയിലെ സർക്കാർ അഗതി മന്ദിരത്തിലെ അന്തേവാസിയെ സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥനും സെക്യൂരിറ്റി ജീവനക്കാരനും ചേർന്ന് ആക്രമിച്ചെന്ന പരാതി സാമൂഹിക നീതി വകുപ്പും പൊലീസും അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
സാമൂഹിക നീതി വകുപ്പ് ഡയറക്ടറും ചേർത്തല ഡിവൈ എസ്.പിയും അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ടുകൾ ഹാജരാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.
അഗതി മന്ദിരത്തിലെ അന്തേവാസി ടി.എസ്. ബാബു സമർപ്പിച്ച പരാതിയിലാണ് നടപടി. അഗതി മന്ദിരത്തിന്റെ നടത്തിപ്പിനെതിരെ ഉന്നതാധികാരികൾക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.