അരൂർ: സുഹൃത്തുക്കളുമൊത്ത് കായലിൽ സഞ്ചരിക്കുന്നതിനിടെ വളളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം നാട്ടകം കൊല്ലംപറമ്പിൽ റെജിയുടെ മകൻ കണ്ണൻ (21) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 6ന് കൈതപ്പുഴ കായലിൽ അരൂക്കുറ്റി വെറ്റിലതുരുത്തിന് സമീപമായിരുന്നു അപകടം. എരമല്ലൂരിലെ ബന്ധുവീട്ടിലെത്തിയ കണ്ണൻ സുഹൃത്തുക്കളുമായി വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ ശക്തമായ കാറ്റിൽപ്പെട്ട് വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന എരമല്ലൂർ നിവാസികളായ 5 പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. കാണാതായ കണ്ണനായി നാട്ടുകാരും പൂച്ചാക്കൽ പൊലീസും ചേർന്ന് രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.